ആറ്റിങ്ങൽ: കൊവിഡ് പ്രതിസന്ധിയിൽ നിലച്ച് പോയ സ്കൂളിലെ ലൈബ്രറി സംവിധാനം കുട്ടികളിലേക്ക് എത്തിക്കുന്നതിന് വേണ്ടിയാണ് ഗവ.ഗേൾസ് ഹയർ സെക്കൻഡറി സ്കൂൾ അധികൃതർ ‘പുസ്തകക്കൂട്’ എന്നൊരാശയം നടപ്പിലാക്കുന്നത്. സ്കൂൾ ലൈബ്രറിയിലെ പുസ്തകങ്ങൾ ഇനി മുതൽ കുട്ടികളെത്തേടി എത്തുകയാണ്. വൈക്കം മുഹമ്മദ് ബഷീർ ദിനത്തോടനുബന്ധിച്ച് ബഷീറിന്റെ 3 കഥാസമാഹാരങ്ങളാണ് കുട്ടികൾക്ക് വിതരണം ചെയ്തത്. ഇതിന്റെ ഔപചാരിക ഉദ്ഘാടനം നഗരസഭാ ചെയർപേഴ്സൺ അഡ്വ.എസ്.കുമാരി നിർവ്വഹിച്ചു. ആദ്യ ഘട്ടത്തിൽ നഗരത്തിലെ എല്ലാ വാർഡുകളിലെ പ്രധാന പൊതുസ്ഥലങ്ങളിൽ വച്ചായിരിക്കും പുസ്തക വിതരണം നടക്കുന്നത്. ഇതിനായി പുസ്തകങ്ങൾ നിറച്ച സ്കൂളിന്റെ പുസ്തകവണ്ടികൾ ഈ കേന്ദ്രങ്ങളിൽ എത്തും. സ്കൂൾ ലൈബ്രറി ശേഖരത്തിലെ എല്ലാ പുസ്തകങ്ങളും ഉൾപ്പെടുത്തിയിട്ടുള്ള ഓൺലൈൻ ആപ്ലിക്കേഷനും തയ്യാറാക്കിയിട്ടുണ്ട്. ഇത്തരത്തിൽ സജ്ജീകരിച്ചിട്ടുള്ള ഓൺലൈൻ സംവിധാനത്തിലൂടെ വിദ്യാർത്ഥികൾക്ക് ഇഷ്ട്ടപ്പെട്ട പുസ്തകങ്ങൾ തിരഞ്ഞെടുക്കാവുന്നതാണ്. തിരഞ്ഞെടുത്ത പുസ്തകങ്ങൾ പുസ്തക വണ്ടിയിലൂടെ കുട്ടികളുടെ പക്കലെത്തിക്കും. കൂടാതെ വായിച്ച പുസ്കങ്ങൾ വിദ്യാർത്ഥികൾ മടക്കിത്തരുമ്പോൾ അതിനോടൊപ്പം വായനാകുറിപ്പും നൽകിയിരിക്കണം. ഇങ്ങനെ ലഭിക്കുന്ന വായനാകുറിപ്പുകളിൽ ഏറ്റവും നല്ല കുറിപ്പിനുള്ള സമ്മാനവും ഓരോ മാസവും പ്രഖ്യാപിക്കും. പദ്ധതിയുടെ രണ്ടാം ഘട്ടത്തിൽ സമീപ പഞ്ചായത്തുകളിൽ താമസിക്കുന്ന വിദ്യാർത്ഥികൾക്കും ഈ സേവനം ലഭ്യമാക്കും. ഓൺലൈൻ പഠന സംവിധാനം ഒരുക്കുന്നതുൾപ്പടെ വിദ്യാഭ്യാസ രംഗത്ത് സ്കൂളിലെ അധ്യാപകരും, പിടിഎ യും നിരവധി മാതൃകാപരമായ പ്രവർത്തനങ്ങളാണ് നടപ്പിലാക്കുന്നതെന്ന് ചെയർപേഴ്സൺ അഡ്വ.എസ്.കുമാരി അറിയിച്ചു.
നഗരസഭ ടൗൺ വാർഡ് കേന്ദ്രമായ ഗേൾസ് ഹയർസെക്കൻഡറി സ്കൂൾ ജംഗ്ഷനിൽ വച്ച് നടന്ന പരിപാടിയിൽ വാർഡ് കൗൺസിലർ ജി.എസ്.ബിനു, പിടിഎ പ്രസിഡന്റ് വി.വിശ്വംഭരൻ, ഹെഡ്മിസ്ട്രസ് ലത.എസ്.നായർ, ലൈബ്രറേറിയൻ ഹേമലത, അധ്യാപകരായ അനിൽകുമാർ, സുജിത്, സുജ, സുനിൽകുമാർ, സുജിത്, സഫീന ബീവി തുടങ്ങിയവർ പങ്കെടുത്തു.
