കുഴിത്തുറ: എസ് ഐ യുടെ വീടിനു നേരെ ആക്രമണം. നിർത്തിയിരുന്ന കാറും ബൈക്ക് കത്തിച്ചു. കുഴിത്തുറക്കു സമീപം ഇടയ്ക്കോട് ആയിരുന്നു സംഭവം . തമിഴ്നാട് സ്പെഷ്യൽ എസ്ഐ സലിൻകുമാറിൻറെ വീടിനുമുന്നിൽ നിർത്തിയിട്ടിരുന്ന കാറും ബൈക്കും ആണ് അക്രമികൾ തീയിട്ട് നശിപ്പിച്ചത്. കഴിഞ്ഞദിവസം പുലർച്ചെ ആയിരുന്നു ആക്രമണം.
വീടിനു മുന്നിൽ തീ ആളിപ്പടരുന്നത് അയൽവാസികളാണ് ആദ്യം ശ്രദ്ധിച്ചത്. തുടർന്ന് കുഴിത്തുറയിൽനിന്നും എത്തിയ ഫയർഫോഴ്സിന്റ സഹായത്തോടുകൂടി തീ അണയ്ക്കുകയായിരുന്നു.
എന്നാൽ ബൈക്കും കാറും പൂർണമായും കത്തി നശിച്ചു. സംഭവസമയം വീട്ടിനുള്ളിൽ സെലിൻകുമാറും, ഭാര്യയും രണ്ടു മക്കളും ഉണ്ടായിരുന്നു. സ്ഥലത്തെത്തിയ അരുമന പോലീസ് നടത്തിയ അന്വേഷണത്തിൽ രണ്ട് യുവാക്കൾ വാഹനങ്ങളിൽ പെട്രോളൊഴിച്ച് തീ കത്തിച്ചതായി വിവരം ലഭിച്ചു. എന്നാൽ അക്രമികൾ വീട്ടിലെ നിരീക്ഷണ ക്യാമറ തകർത്തിരുന്നു.
കളിയിക്കാവിള ചെക്ക് പോസ്റ്റിൽ എസ് ഐ വിൽസനെ വെടിവെച്ചു കൊലപ്പെടുത്തിയ കേസിന്റ അന്വേഷണ സംഘത്തിലെ അംഗമായിരുന്നു സെലിൻ കുമാർ . കന്യാകുമാരി ജില്ലാ പൊലീസ് മേധാവി ഭദ്രി നാരായണൻ, പകല് ഡിവൈഎസ്പി ഗണേശൻ ഫോറൻസിക് വിദഗ്ധർ തുടങ്ങിയവർ സ്ഥലത്തെത്തി തെളിവെടുപ്പ് നടത്തി.
