ആറ്റിങ്ങൽ: വലിയകുന്ന് താലൂക്കാശുപത്രിയിൽ നിന്ന് പ്രതിരോധ വാക്സിൻ സ്വീകരിക്കുന്നവർ വാക്സിനേഷന് മുൻപ് തന്നെ നിർബന്ധമായും കൊവിഡ് പരിശോധനക്ക് വിധേയരാവണം. ഭൂരിഭാഗം പേരിലും രോഗലക്ഷണം പ്രകടമാകാറില്ല. കൊവിഡ് പോസിറ്റീവായിരുന്ന വ്യക്തി നെഗറ്റീവായ ശേഷം കൃത്യം 90 ദിവസത്തെ ഇടവേള കഴിഞ്ഞാൽ മാത്രമെ വാക്സിൻ സ്വീകരിക്കാൻ പാടുള്ളൂ എന്ന വിദഗ്ധരുടെ നിർദ്ദേശത്തെ തുടർന്നാണ് ഈ തീരുമാനം. വാക്സിനേഷന് വരുന്നവരെ പരിശോധനക്ക് വിധേയരാക്കി ഫലം നെഗറ്റീവ് ആണെന്ന് ഉറപ്പിച്ച ശേഷമെ വാക്സിൻ ലഭ്യമാക്കൂ. ഇതിനായി വാക്സിനേഷൻ സെന്റെറിന് സമീപം തന്നെ കൊവിഡ് ടെസ്റ്റിംഗ് സെന്റെറും സജ്ജമാക്കിയിട്ടുണ്ട്. ജനങ്ങളുടെ ആരോഗ്യ സുരക്ഷ കണക്കിലെടുത്താണ് നഗരസഭയും താലൂക്കാശുപത്രിയും ഈ സമീപനം സ്വീകരിച്ചതെന്ന് ചെയർപേഴ്സൺ അഡ്വ.എസ്.കുമാരി അറിയിച്ചു
