ആറ്റിങ്ങൽ: നഗരസഭാ കൃഷിഭവന്റെയും ഗവ.കോളേജിന്റെയും നേതൃത്വത്തിലാണ് ഒന്നര ഏക്കർ സ്ഥലത്ത് കരനെൽ കൃഷി വിജയകരമായി വിളവെടുത്തത്. ചെയർപേഴ്സൺ അഡ്വ.എസ്.കുമാരി നെല്ല് കൊയ്ത് ഉദ്ഘാടനം നിർവ്വഹിച്ചു. മൂന്നാം തവണയാണ് ഇവിടെ വിജയകരമായി കൃഷി നടപ്പിലാക്കിയത്. ഉമ ഇനത്തിൽപ്പെട്ട വിത്ത് വിതച്ച് 120 ദിവസം കൊണ്ടാണ് വിളവെടുപ്പ് പൂർത്തിയാക്കിയത്. വിദ്യാർത്ഥികളിൽ കാർഷിക അഭിരുചി വളർത്തിയെടുക്കുന്നതിന്റെ ഭാഗമായി നഗരത്തിലെ തന്നെ ഉന്നത വിദ്യാഭ്യാസ കേന്ദ്രങ്ങളിൽ ഇവിടെ മാത്രമാണ് ഇത്തരത്തിലുള്ള കാർഷിക സമ്പ്രദായം പ്രാവർത്തിയമായത്. ഇവിടെ നിന്ന് മാത്രം 2000 കിലോയിൽ അധികം നെല്ല് സംഭരിക്കാൻ സാധിച്ചു. നഗരസഭാ കൃഷി ഭവനിലൂടെ സംഭരിക്കുന്ന നെല്ല് സപ്ലെകൊ മുഖേന വിപണിയിൽ എത്തിക്കും. കൂടാതെ നെല്ലിന് പുറമെ ലഭിക്കുന്ന വൈക്കോൽ പ്രദേശത്തെ ക്ഷീരകർഷകർക്കും വിതരണം ചെയ്യും. കോളേജ് അധികൃതർ, എൻ.എസ്.എസ്, പിടിഎ എന്നിവരാണ് നഗരസഭാ കൃഷിഭവനുമായി സഹകരിച്ച് ഇതിന് നേതൃത്വം വഹിച്ചത്. കൃഷിയിറക്കിയ 3 വർഷവും കൃഷിക്ക് വേണ്ടി സർക്കാർ പ്രഖ്യാപിച്ചിട്ടുള്ള സബ്സിഡിയും ധനസഹായവും ലഭ്യമാക്കിയിട്ടുണ്ട്. കഴിഞ്ഞ വർഷം വിളവെടുത്ത നെല്ല് കോളേജ് എൻ.എസ്.എസ് യൂണിറ്റിന്റെ നേതൃത്വത്തിൽ കുത്തരിയാക്കി മാറ്റി വിപണനം ചെയ്തിരുന്നു. അതിനാൽ വിളവെടുപ്പിന് ശേഷം പ്രദേശത്ത് കൂടുതൽ സ്ഥലം കണ്ടെത്തി തുടർന്നും കൃഷിയിറക്കാനാണ് നഗരസഭയുടെ തീരുമാനമെന്നും ചെയർപേഴസൺ അറിയിച്ചു.
വർഡ് കൗൺസിലർ എസ്.സുജി, കൃഷി ഓഫീസർ വി.എൽ. പ്രഭ, പ്രിൻസിപ്പൽ സുനിൽ ജോൺ, റിട്ട.പ്രിൻസിപ്പാൽ ഡോ. മണികണ്ഠൻ നായർ, അധ്യാപിക ഡോ.അനിത, എൻ.എസ്.എസ് പ്രമോട്ടർ ആരതി, തൊഴിലുറപ്പ് തൊഴിലാളികൾ തുടങ്ങിയവർ പങ്കെടുത്തു.
