തലസ്ഥാനത്ത് വ്യാജ ലൈസൻസുള്ള തോക്കുകളുമായി അഞ്ച് കശ്മീർ സ്വദേശികൾ അറസ്റ്റിലായി. ഷൗക്കത്തലി, ഷാക്കൂർ അഹമ്മദ്, ഖുൽസമാൻ, മുഷ്താഖ് അഹമ്മദ്, മുഹമ്മദ് ജാവേദ് എന്നിവരെയാണ് പോലീസ് അറസ്റ്റുചെയ്തത്. അഞ്ച് ഇരട്ടക്കുഴൽ തോക്കും നിരവധി റൗണ്ട് വെടിയുണ്ടകളുമാണ് പിടിച്ചെടുത്തത്. കേന്ദ്ര ഏജൻസികൾ വ്യാഴാഴ്ച ചോദ്യം ഇവരെ ചെയ്തേക്കും.
ഗൺ ഗാർഡുമാരായി ജോലി ചെയ്യുകയായിരുന്ന ഇവർ കശ്മീരിലെ രജൗരി സ്വദേശികളാണെന്നാണ് വിവരം.
നീറമൺകരയിലെ താമസസ്ഥലത്തുനിന്നാണ് പിടിയിലായത്. മഹാരാഷ്ട്രയിലെ റിക്രൂട്ടിങ് ഏജൻസി വഴി ആറുമാസം മുമ്പാണ് കേരളത്തിൽ എത്തിയത്. തോക്കുപയോഗിക്കുന്നതിന് മുമ്പായി കലക്ടറിൽനിന്നോ പൊലീസ് സ്റ്റേഷനിൽനിന്നോ അനുമതി വാങ്ങിയിരുന്നില്ല. കഴിഞ്ഞ തെരഞ്ഞെടുപ്പ് സമയത്ത് തോക്കുകൾ കൈവശമുള്ളവർ ഹാജരാക്കാൻ പൊലീസ് ആവശ്യപ്പെട്ടെങ്കിലും ഇവർ ചെയ്തിരുന്നില്ല. ജമ്മു കശ്മീരിലെ കലക്ടറേറ്റുമായും ഉദ്യോഗസ്ഥരുമായും പൊലീസ് ബന്ധപ്പെട്ടു. രേഖകളിൽ സംശയം തോന്നിയതോടെ ചൊവ്വാഴ്ച കേസ് രജിസ്റ്റർ ചെയ്യുകയായിരുന്നു. വ്യാജ ലൈസൻസ് ഇവർ സ്വയം എടുത്തതാണോ റിക്രൂട്ടിങ് ഏജൻസിവഴി ലഭ്യമായതാണോ എന്നതടക്കമുള്ള കാര്യങ്ങളിൽ അന്വേഷണം ഉണ്ടാകും. ഇവരുടെ ലൈസൻസിൽ സംശയം തോന്നിയ സാഹചര്യത്തിൽ നേരത്തെതന്നെ പൊലീസ് അന്വേഷണം ആരംഭിച്ചിരുന്നുവെന്നും കൂടുതൽ തെളിവുകൾ ശേഖരിക്കുകയാണെന്നും ഫോർട്ട് അസി. കമീഷണർ പറഞ്ഞു. ഇന്റലിജൻസ് ബ്യൂറോ സംഘവും സ്ഥലത്തെത്തി വിവരങ്ങൾ ശേഖരിച്ചതായാണ് വിവരം.
