മത്സ്യബന്ധനത്തിന് ദുരന്ത നിവാരണ അതോറിറ്റി നിരന്തരം വിലക്ക് ഏർപ്പെടുത്തുന്നത് മൂലം ജില്ലയിലെ പരമ്പരാഗത മത്സ്യത്തൊഴിലാളികളുടെ ജീവിതം മാസങ്ങളായി ദുരിതത്തിൽ.കാലാവസ്ഥ വ്യതിയാനം മൂലം കടലിൽ ശക്തമായ കാറ്റുണ്ടാകാൻ സാധ്യതയുണ്ടെന്നും അതിനാൽ മത്സ്യബന്ധനത്തിന് ആരും കടലിൽ പോകരുതെന്നും ദുരന്ത നിവാരണ അതോറിറ്റി നിരന്തരം നൽകുന്ന വിലക്കാണ് മാസങ്ങളായി മത്സ്യത്തൊഴിലാളികൾക്ക് ദുരിതം വിതയ്ക്കുന്നത്.ഇത് കാരണം കൃത്യമായ വരുമാനം ലഭിക്കാത്തതിനാൽ വാങ്ങിയ കടം തിരികെ വീട്ടാൻ കഴിയാതെ ഇരട്ടിയായിക്കൊണ്ടിരിക്കുന്നു.ദുരന്തനിവാരണ അതോറിറ്റിയുടെ മുന്നറിയിപ്പ് കാരണം ജില്ലയിൽ നിന്ന് മത്സ്യത്തൊഴിലാളികൾ കടലിലിറങ്ങാൻ മടിക്കുമ്പോൾ ഇതര സംസ്ഥാന ബോട്ടുകൾ ജില്ലയുടെ തീരക്കടലിലെത്തി മത്സ്യങ്ങൾ വാരി പോകുന്നു.
