മണ്ണന്തല പെരിയംകോട് ജംഗ്ഷനിൽ പ്രവർത്തിക്കുന്ന കെഎസ്ഇബി നാലാഞ്ചിറ സെക്ഷനിലെ ബിൽഡിങ്ങിനു മുകളിലാണ് പ്രദേശവാസികളുടെ കടുത്ത എതിർപ്പ് അവഗണിച്ച് മൊബൈൽ ടവർ നിർമ്മാണം പുരോഗമിക്കുന്നത്.ഇത് സംബന്ധിച്ച് സ്ഥലത്തെ റെസിഡൻസ് അസ്സോസിയേഷനുകളുടെ നേതൃത്വത്തിൽ ജില്ലാ കളക്ടർ നവജ്യോതി ഖോസക്ക് പരാതി നൽകിയെങ്കിലും അനുകൂല പ്രതികരണം ഉണ്ടായില്ലെന്നാണ് ആക്ഷേപം.2014 ൽ ബിജു പ്രഭാകർ കളക്ടർ ആയിരിക്കെ നാട്ടുകാരുടെയും റെസിഡൻസ് അസ്സോസ്സിയേഷനുകളുടേയും പരാതിയെ തുടർന്ന് ഇതേ മൊബൈൽ കമ്പനിക്ക് ടവർ നിർമ്മാണത്തിനുള്ള അനുമതി നിഷേധിച്ചിരുന്നതാണ്.എന്നാൽ ഇപ്പോൾ നഗരസഭയിലെ ഒരു വിഭാഗം ഉദ്യോഗസ്ഥരെ കൂട്ട് പിടിച്ചാണ് ടവർ നിർമ്മാണത്തിനുള്ള പ്രവർത്തനങ്ങൾ നടത്തുന്നതെന്നാണ് പ്രദേശവാസികളുടെ ആരോപണം.ടവർ നിർമ്മാണം പൂർത്തിയായാൽ ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾ തങ്ങൾക്ക് നേരിടേണ്ടിവരുമെന്ന ആശങ്കയിലാണ് നാട്ടുകാർ.
