സംസ്ഥാനത്തെ ഗതാഗതക്കുരുക്ക് അഞ്ച് വര്‍ഷം കൊണ്ട് പരിഹരിക്കാനാകുമെന്ന് മന്ത്രി പി എ മുഹമ്മദ് റിയാസ്. കേച്ചേരി – അക്കിക്കാവ് ബൈപാസിന്റെ നവീകരണ നിര്‍മ്മാണോദ്ഘാടനം പന്നിത്തടം സെന്ററില്‍ നിര്‍വഹിക്കുകയായിരുന്നു മന്ത്രി. റോഡുകളുടെ കാര്യത്തില്‍ പ്രധാന പ്രശ്നം നിലനില്‍ക്കുന്നത് തൃശൂര്‍ മുതല്‍ വടക്കോട്ടാണ്. ഇതിന് ശാശ്വത പരിഹാരം കാണും. പിഡബ്ല്യുഡി സംഘം നിര്‍മാണപ്രവര്‍ത്തനം സംബന്ധിച്ച പ്രശ്നങ്ങള്‍ ആഴ്ചയില്‍ വിലയിരുത്തുന്നുണ്ട്.
കാലാവസ്ഥയ്ക്കനുസരിച്ച് പൊതുമരാമത്ത് വകുപ്പ് ഈ വര്‍ഷം മുതല്‍ പ്രവൃത്തി കലണ്ടര്‍ തയ്യാറാക്കും. നിര്‍മിച്ച റോഡുകളുടെ പ്രധാന ഭാഗത്ത് നിര്‍മ്മാണ വിവരങ്ങള്‍, മന്ത്രിയുടെ ഓഫീസ് ഫോണ്‍ നമ്പര്‍, കരാറുകാരുടെ ഫോണ്‍ നമ്പര്‍ എന്നിവയും പ്രസിദ്ധപ്പെടുത്തും.എ സി മൊയ്തീന് എം എല്‍ എ അധ്യക്ഷത വഹിച്ചു. മുരളി പെരുനെല്ലി എം എല്‍ എ, ചൊവ്വന്നൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആന്‍സി വില്യംസ്, ജില്ലാ പഞ്ചായത്തംഗങ്ങളായ എ വി വല്ലഭന്, ജലീല്‍ ആദൂര്‍ വിവിധ രാഷ്ട്രീയ പ്രതിനിധികള്‍ എഞ്ചിനീയര്‍മാര്‍ പങ്കെടുത്തു. ഈ ബൈപാസ് റോഡ് തൃശൂര്‍ – മലപ്പുറം റൂട്ടിലെ ഏറ്റവും പ്രധാനപ്പെട്ട ബൈപാസ്സുകളിലൊന്നാണ്.
