തിരുവനന്തപുരം ജില്ലയിലെ തദ്ദേശസ്ഥാപനങ്ങളിലെ നാല് വാർഡുകളിലേക്കുള്ള ഉപതെരഞ്ഞെടുപ്പിന്റെ ഒരുക്കങ്ങൾ വിലയിരുത്തുന്നതിനായി കളക്ട്രേറ്റിൽ അവലോകനയോഗം ചേർന്നു. തിരുവനന്തപുരം കോർപ്പറേഷനിലെ വെട്ടുകാട് വാർഡ്, പോത്തൻകോട് ബ്ലോക്ക് പഞ്ചായത്തിലെ പോത്തൻകോട് വാർഡ്, ചിറയിൻകീഴ് ബ്ലോക്ക് പഞ്ചായത്തിലെ ഇടയ്ക്കോട് വാർഡ്, വിതുര ഗ്രാമപഞ്ചായത്തിലെ പൊന്നാംചുണ്ട് വാർഡ് എന്നിവിടങ്ങളിലാണ് ഡിസംബർ 7ന് ഉപതെരഞ്ഞെടുപ്പ് നടക്കുന്നത്. വെട്ടുകാട്, ഇടയ്ക്കോട് വാർഡുകൾ ജനറൽ വാർഡുകളും പോത്തൻകോട് പട്ടികജാതി സംവരണ വാർഡും പൊന്നാംചുണ്ട് പട്ടികവർഗ സംവരണ വാർഡുമാണ്.
സ്ഥാനാർത്ഥികൾക്ക് നാമനിർദേശപത്രിക ഈ മാസം 19 വരെ സമർപ്പിക്കാം. രാവിലെ 11 മുതൽ ഉച്ചക്ക് 3 മണി വരെയാണ് നാമനിർദേശ പത്രിക സമർപ്പിക്കുന്നതിനുള്ള സമയം. സൂക്ഷ്മപരിശോധന 20ന് നടക്കും. സ്ഥാനാർത്ഥി, സ്ഥാനാർത്ഥിയുടെ ഇലക്ഷൻ ഏജന്റ്, നാമനിർദേശ പത്രികയിലെ നോമിനി, സ്ഥാനാർത്ഥി നിർദേശിക്കുന്ന ഒരാൾ എന്നിങ്ങനെ നാല് പേർക്ക് മാത്രമാണ് സൂക്ഷ്മപരിശോധനാ വേളയിൽ പ്രവേശനം അനുവദിക്കുന്നത്. പത്രിക പിൻവലിക്കുന്നതിനുള്ള അവസാന തിയതി 22 ആണ്. അന്ന് വൈകിട്ട് മൂന്ന് മണിക്ക് ശേഷം സ്ഥാനാർത്ഥികളുടെ അന്തിമ പട്ടിക പ്രസിദ്ധീകരിക്കും. അതിനുശേഷം ചിഹ്നം അനുവദിക്കും. ഇതിന് മുന്നോടിയായി രാഷ്ട്രീയ പാർട്ടികളുടെ യോഗം വിളിച്ചു ചേർക്കാൻ റിട്ടേണിംഗ് ഓഫീസർമാർക്ക് നിർദേശം നൽകി. തെരഞ്ഞെടുപ്പ് ദിവസം രാവിലെ 7 മുതൽ വൈകിട്ട് 6 വരെ വോട്ട് ചെയ്യാം. ഡിസംബർ 8നാണ് വോട്ടെണ്ണൽ. കോവിഡ് ബാധിതർക്കും ക്വാറന്റീനിൽ കഴിയുന്നവർക്കും ബാലറ്റ് ഉപയോഗിച്ച് വോട്ട് ചെയ്യുന്നതിനുള്ള സംവിധാനംപരിഗണിക്കും. തെരഞ്ഞെടുപ്പ് പ്രക്രിയയുടെ ഓരോ ഘട്ടത്തിലും പൂർണമായും കോവിഡ് മാനദണ്ഡം പാലിക്കണം.
