ചിറയിൻകീഴ്: പ്രായോഗിക ബുദ്ധിയുടേയും ദീർഘ ദൃഷ്ടിയുടേയും ശക്തമായ അടിത്തറയിൽ നിന്നുകൊണ്ടാണു എസ്എൻഡിപി യോഗത്തെ ഏറ്റവും ശക്തമായ സമുദായ സംഘടനയാക്കുന്നതിൽ വെള്ളാപ്പള്ളി നടേശൻ മുഖ്യ പങ്കു വഹിച്ചതെന്നു നിയമസഭ മുൻ ഡപ്യൂട്ടി സ്പീക്കർ വി.ശശി എംഎൽഎ അഭിപ്രായപ്പെട്ടു. ശാർക്കര നോബിൾ സ്കൂൾ ഓഡിറ്റോറിയത്തിൽ ചിറയിൻകീഴ് എസ്എൻഡിപി യൂണിയന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച വെള്ളാപ്പള്ളി നടേശൻ സംഘടനാ സാരഥ്യ രജത ജൂബിലി സമ്മേളനവും ഒരു വർഷം നീളുന്ന സാമൂഹ്യക്ഷേമ പദ്ധതികളുടെ പ്രഖ്യാപനത്തിന്റെയും ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം. ശ്രീനാരായണ ഗുരുദേവന്റെ സംഘടന കൊണ്ടു ശക്തരാവുകയെന്ന മഹത് സന്ദേശം രാജ്യത്തൊട്ടാകെ പ്രവർത്തകരുടെ കൂട്ടായ്മ കളൊരുക്കി വിപുലീകരിക്കാനും പുതിയ വിദ്യാഭ്യാസ സ്ഥാപനങ്ങളിലൂടെ വിദ്യാഭ്യാസം കൊണ്ടു പ്രബുദ്ധരാവുകയെന്ന ഗുരു മന്ത്രത്തിനും ഊർജം പകർന്നു. ഗുരുദർശനങ്ങളെ മുറുകെപ്പിടിച്ചുള്ള വെള്ളാപ്പള്ളി നടേശന്റെ വിശ്രമരഹിതമായ പ്രവർത്തനങ്ങൾ അഭിനന്ദനാർഹമാണ്. കക്ഷി രാഷ്ട്രീയത്തിനതീതമായി സ്വന്തം സമുദായത്തിനു ഗുണപരമായ തരത്തിൽ സർക്കാരുകളിൽ സ്വാധീനം ചെലുത്തി കാര്യങ്ങൾ നേടിയെടുക്കാനുളള വെള്ളാപ്പള്ളിയുടെ നേതൃപാടവം മുതൽക്കൂട്ടാണെന്നും വി.ശശി കൂട്ടിച്ചേർത്തു. യൂണിയൻ പ്രസിഡന്റ് സി.വിഷ്ണുഭക്തന്റെ അധ്യക്ഷതയിൽ എസ്എൻ ട്രസ്റ്റ് ലൈഫ് മെമ്പർ ഡോ.ബി. സീരപാണി ഗുരു സന്ദേശ അനുഗ്രഹ പ്രഭാഷണവും എസ്എൻഡിപി യോഗം കൗൺസിലർ ഡി.വിപിൻ രാജ് സംഘടനാ സന്ദേശവും നൽകി. യൂണിയൻ സെക്രട്ടറി ശ്രീകുമാർ പെരുങ്ങുഴി, വൈസ് പ്രസിഡന്റ് പ്രദീപ് സഭവിള, യോഗം ഡയറക്ടർ അഴൂർബിജു, കൗൺസിലർമാരായ സി.കൃത്തിദാസ്, ഡി. ചിത്രാംഗദൻ, അജീഷ് കടയ്ക്കാവൂർ, ഡോ. ജയലാൽ, എസ്. സുന്ദരേശൻ, അജി കീഴാറ്റിങ്ങൽ, യൂത്ത് മൂവ്മെന്റ് യൂണിയൻ കോ ഓർഡിനേറ്റർ പ്രേം സിത്താർ, സജീവ് അശോക്, വനിതാസംഘം യൂണിയൻ സെക്രട്ടറി സലിത, വൈസ് പ്രസിഡന്റ് ലതിക പ്രകാശ്, യൂണിയൻ ഓർഗനൈസർ രമണി ടീച്ചർ വക്കം എന്നിവർ പ്രസംഗിച്ചു. കിടപ്പു രോഗികൾക്കുളള തുടർ ചികിൽസാ ധനസഹായം, വിദ്യാഭ്യാസ സഹായം, ഗുരു ഭവനം പദ്ധതി, കടകം ശാഖായോഗം ആസ്ഥാന മന്ദിരം – പെരുങ്ങുഴി ഗുരുക്ഷേത്ര മണ്ഡപം നാടിന് സമർപ്പിക്കൽ, താലൂക്ക്തല പ്രതിഭാ സംഗമം എന്നിവയുടെ പ്രഖ്യാപനവും ചടങ്ങിൽ നടന്നു.
