ജില്ലയില്‍ ആശുപത്രികളില്‍ ചികിത്സ തേടുന്ന കൊവിഡ് ബാധിതരുടെ എണ്ണം വര്‍ധിക്കുന്ന സാഹചര്യത്തില്‍ തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ കോവിഡ് ചികിത്സക്കായി ഐ.സി.യു ഉള്‍പ്പെടെ കൂടുതല്‍ കിടക്കകള്‍ സജ്ജമാക്കാന്‍ ജില്ലാ ദുരന്ത നിവാരണ അതോറിറ്റിയുടെ ഉത്തരവ്.
കൊവിഡ് രോഗികള്‍ക്കായുള്ള കിടക്കകളുടെ എണ്ണം 205ല്‍ നിന്ന് 400 ആയി ഉയര്‍ത്തി ജില്ലാ ദുരന്തനിവാരണ അതോറിറ്റി ചെയര്‍പേഴ്സണ്‍ കൂടിയായ ജില്ലാ കളക്ടര്‍ ഉത്തരവിറക്കി. ഐ.സി.യു കിടക്കകളുടെ എണ്ണം നിലവിലെ 21ല്‍ നിന്ന് ഇരട്ടിയായി വര്‍ധിപ്പിച്ചു. കൊവിഡ് ഇതര രോഗങ്ങള്‍ക്കുള്ള കിടത്തി ചികിത്സ കുറയ്ക്കുന്നതിലൂടെ കൂടുതല്‍ വാര്‍ഡുകളെ കൊവിഡ് അനുബന്ധ ചികിത്സക്കായി ഉപയോഗിക്കാനും നിര്‍ദേശമുണ്ട്.
കാറ്റഗറി സി വിഭാഗത്തില്‍പെടുന്ന ഗുരുതര സാഹചര്യത്തിലുള്ള കൊവിഡ് രോഗികള്‍ക്കായി പ്രത്യേക ഒ.പി സജ്ജീകരിക്കാനും അടിയന്തര ചികിത്സ ആവശ്യമുള്ള രോഗികള്‍ക്ക് മുന്‍ഗണനാടിസ്ഥാനത്തില്‍ പ്രവേശനം നല്‍കാനുമാണ് നിര്‍ദേശം. കൃത്യമായ പരിശോധനയുടെ അടിസ്ഥാനത്തില്‍ കാറ്റഗറി ബി രോഗികളെ സി.എസ്.എല്‍.ടി.സികളിലേക്കും കാറ്റഗറി എ വിഭാഗത്തിലുള്ള രോഗികളെ ഹോം ഐസൊലേഷനിലേക്കും മാറ്റണം. റഫറല്‍ കേന്ദ്രങ്ങളില്‍ പ്രവേശന മാനദണ്ഡങ്ങള്‍ കൃത്യമായി പാലിക്കണമെന്നും നിര്‍ദേശമുണ്ട്. മെഡിക്കല്‍ കേളേജിലെ കാറ്റഗറി ബി രോഗികള്‍ക്കുള്ള റഫറല്‍ കേന്ദ്രമായി പേരൂര്‍ക്കട സര്‍ക്കാര്‍ ഇ.എസ്.ഐ ആശുപത്രി പ്രവര്‍ത്തിക്കും.
നോണ്‍ ക്ലിനിക്കല്‍ വിഭാഗങ്ങളിലെ ഡോക്ടര്‍മാരെയും ജീവനക്കാരെയും അടിയന്തരഘട്ടങ്ങളില്‍ കൊവിഡ് ഡ്യൂട്ടിക്കായി പുനര്‍വിന്യസിക്കണം. കൊവിഡുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ക്കായി അധിക ജീവനക്കാരുടെ സേവനം ലഭ്യമാകുന്നതുവരെ മെഡിക്കല്‍ കോളേജ് ജീവനക്കാരെ അടിയന്തരഘട്ടങ്ങളില്‍ വിന്യാസിക്കാനും ഉത്തരവില്‍ നിര്‍ദേശിക്കുന്നു.
അഡ്മിനിസ്ട്രേഷന് ഇന്‍ഫ്രാസ്ട്രക്ചറിന്റെയും ഡാറ്റ അപ്ഡേഷന്റേയും ചുമതലയുള്ള നോഡല്‍ ഓഫീസര്‍ കളക്ടറേറ്റില്‍ പ്രവര്‍ത്തിക്കുന്ന ഡിസ്ട്രിക് പ്രോഗ്രാം മാനേജ്മെന്റ് ആന്‍ഡ് സപ്പോര്‍ട്ട് യൂണിറ്റുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കണമെന്നും നിര്‍ദേശങ്ങള്‍ക്ക് വിരുദ്ധമായി പ്രവര്‍ത്തിക്കുന്നവര്‍ക്കെതിരെ ദുരന്ത നിവാരണ നിയമം 2005ലെ സെക്ഷന്‍ 51 പ്രകാരം നടപടി സ്വീകരിക്കുമെന്നും ജില്ലാ കളക്ടറുടെ ഉത്തരവില്‍ പറയുന്നു.
