തിരുവനന്തപുരം: സംസ്ഥാന പോലീസ് മേധാവി അനില്‍കാന്ത് ഐപിഎസിന്റെ പേരില്‍ ഓണ്‍ലൈന്‍ പണം തട്ടിപ്പ്. സംഭവത്തില്‍ നൈജീരിയന്‍ സ്വദേശി റൊമാനസ് ക്ലിബ്ബൂസിനെ ഡല്‍ഹിയില്‍ നിന്നും പിടികൂടി.
തിരുവനന്തപുരം സിറ്റി സൈബര്‍ പോലീസാണ് ഇയാളെ ഡല്‍ഹിയില്‍ നിന്നും പിടികൂടുന്നത്. അനില്‍ കാന്തിന്റെ പേരില്‍ ഒരു അദ്ധ്യാപികയില്‍ നിന്നും 14 ലക്ഷം രൂപയാണ് ഇയാള്‍ തട്ടിയെടുത്തത്.
അനില്‍ കാന്തിന്റെ പേരില്‍ വ്യാജ വാട്സ്ആപ്പ് അക്കൗണ്ട് എടുക്കുകയും കൊല്ലത്തെ ഒരു അദ്ധ്യാപികയില്‍ നിന്നും പണം തട്ടുകയുമായിരുന്നു. ഓണ്‍ലൈന്‍ ലോട്ടറി അടിച്ചുവെന്ന് പറഞ്ഞ സന്ദേശമാണ് കൊല്ലം കുണ്ടറ സ്വദേശിയായ അദ്ധ്യാപികക്ക് ആദ്യം ലഭിക്കുന്നത്. സമ്മാനത്തുക നല്‍കുന്നതിന് മുമ്ബ് നികുതി അടയ്ക്കാനുള്ള പണം കമ്ബനിക്ക് നല്‍കണമെന്നും സംഘം സന്ദേശമയച്ചു. സംസ്ഥാന പോലീസ് മേധാവി അനില്‍ കാന്തിന്റേതെന്ന പേരില്‍ വാട്സ്ആപില് നിന്നുമാണ് സന്ദേശം അയച്ചത്. തുടര്‍ന്ന് ഇവര്‍ പണം നല്‍കുകയായിരുന്നു.
പണം ലഭിക്കാതായതോടെ അദ്ധ്യാപിക പോലീസില്‍ പരാതി നല്കി. സന്ദേശം അയച്ച നമ്ബര്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് നൈജീരിയന്‍ പൗരനെ ഡല്‍ഹിയില്‍ നിന്നും പിടികൂടുന്നത്. അസം സ്വദേശിയുടെ പേരിലെടുത്ത ഒരു നമ്ബറില്‍ നിന്നാണ് വ്യാജ വാട്സ് ആപ്പ് അക്കൗണ്ട് നിര്‍മ്മിച്ച് തട്ടിപ്പ് നടത്തിയെന്ന് അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു.
