തിരുവനന്തരപുരം: സർക്കാർ ജീവനക്കാരുടെ പണിമുടക്ക് തടഞ്ഞ് ഹൈക്കോടതി. ജീവനക്കാരെല്ലാവരും ഉടൻ ജോലിയിൽ പ്രവേശിക്കണമെന്ന് ഹൈക്കോടതി നിർദ്ദേശിച്ചു. പണിമുടക്ക് വിലക്ക് ഇതുസംബന്ധിച്ച ഉത്തരവ് ഇന്ന് തന്നെ പുറത്തിറക്കണമെന്ന് സർക്കാരിനും കോടതി നിർദ്ദേശം നൽകി. തിരുവന്തപുരം സ്വദേശിയായ അഭിഭാഷകൻ സമർപ്പിച്ച ഹർജിയിലാണ് ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ്.സർക്കാർ ജീവനക്കാർക്ക് പണിമുടക്കാനാകില്ലെന്നും ഇത് നിയമവിരുദ്ധമാണെന്നും ഹൈക്കോടതി അറിയിച്ചു. ചീഫ് ജസ്റ്റിസ് അദ്ധ്യക്ഷനായ ബെഞ്ചിന്റേതാണ് ഉത്തരവ്. പണിമുടക്കുന്ന സർക്കാർ ജീവനക്കാർക്ക് ശമ്പളത്തോടെയുള്ള അവധി നൽകാനാണ് സർക്കാരിന്റെ നീക്കം. പണിമുടക്ക് ദിവസം സർക്കാർ ഉദ്യോഗസ്ഥർ ഉൾപ്പെടെയുള്ളവർക്ക് ഹാജർ നിർബന്ധമാക്കണം. ഡയസ് നോൺ പ്രഖ്യാപിക്കാൻ സർക്കാരിന് നിർദ്ദേശം നൽകണമെന്നും ഹർജിക്കാരൻ ആവശ്യപ്പെട്ടിരുന്നു.
