മുംബൈ: ഐപിഎല്ലിൽ ചൊവ്വാഴ്ച ചെന്നൈ സൂപ്പർ കിംഗ്സ്(സിഎസ്കെ), റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂരിനെ(ആർസിബി) നേരിട്ടപ്പോൾ കാണികൾ ഒന്നടങ്കം ആവേശത്തിലായിരുന്നു. രസകരമായ പല ബാനറുകളും ഉയർത്തിപ്പിടിച്ച് ആരാധകർ ഇരു ടീമുകൾക്കുമായി ആർപ്പുവിളിക്കുകയായിരുന്നു. അത്തരത്തിലുള്ള ഒരു ബാനറാണ് സമൂഹമാദ്ധ്യമങ്ങളിൽ ഇന്ന് വൈറലായിരിക്കുന്നത്.‘ആർസിബി ഐപിഎൽ ട്രോഫി നേടുന്നത് വരെ വിവാഹം കഴിക്കില്ല’ എന്ന് പ്രഖ്യാപിച്ചുകൊണ്ട് ഒരു ആരാധിക ഉയർത്തിയ ബാനറാണ് സമൂഹമാദ്ധ്യമങ്ങളിൽ വൈറലായിരിക്കുന്നത്. ക്രിക്കറ്റ് താരം അമിത് മിശ്രയാണ് ബാനർ ഉയർത്തി നിൽക്കുന്ന യുവതിയുടെ ചിത്രങ്ങൾ സമൂഹമാദ്ധ്യമങ്ങളിൽ പങ്കുവെച്ചത്.
ഐപിഎൽ ടൂർണമെന്റിൽ ഒരിക്കൽ പോലും കപ്പടിക്കാത്ത ആർസിബിയുടെ മുൻകാല റെക്കോർഡ് പരിശോധിച്ച ട്വിറ്റർ ഉപയോക്താക്കൾ യുവതിയുടെ ഭാവിയെ കുറിച്ച് ആശങ്ക പ്രകടിപ്പിക്കുകയും, രസകരമായ അഭിപ്രായങ്ങൾ പങ്കുവെയ്ക്കുകയും ചെയ്തു. യുവതിയുടെ തീരുമാനത്തിൽ വീട്ടുകാർ അൽപ്പം വലയുമല്ലോ എന്നും, എന്താണ് വിവാഹം കഴിക്കാത്തത് എന്ന ചോദ്യത്തിന് ഇതാണോ മറുപടി നൽകാൻ ഉദ്ദേശിക്കുന്നതെന്നുമാണ് ആളുകൾ ചോദിക്കുന്നത്.
2008ൽ ഐപിഎൽ ആരംഭിച്ചപ്പോൾ മുതലുള്ള ടീമുകളിൽ ഒന്നാണ് ആർസിബി. ഏറ്റവും മികച്ച ബാറ്റർമാരിൽ ഒരാളായ വിരാട് കോഹ്ലിയുൾപ്പെടെ ടീമിൽ ഉണ്ടായിരുന്നിട്ടും ഒരിക്കൽ പോലും ബാംഗ്ലൂരിന് ഐപിഎൽ കിരീടം സ്വന്തമാക്കാൻ സാധിച്ചിട്ടില്ല. 15-ാം സീസണിൽ, അഞ്ച് മത്സരങ്ങൾ നേരിട്ട ആർസിബി രണ്ട് മത്സരങ്ങളിലും തോറ്റതിനെ തുടർന്ന് പോയിന്റ് പട്ടികയിൽ അഞ്ചാം സ്ഥാനത്തേയ്ക്ക് പിന്തള്ളപ്പെട്ടിരിക്കുകയാണ്.

