വയനാട്: മാനന്തവാടി സബ് റീജിയണൽ ട്രാൻസ്പോർട്ട് ഓഫീസിലെ സീനിയർ ക്ലാർക്ക് സിന്ധുവിന്റെ ആത്മഹത്യയിൽ ആത്മഹത്യയിൽ വകുപ്പുതല നടപടി. മാനന്തവാടി സബ് ആർടി ഓഫീസ് ജൂനിയർ സൂപ്രണ്ട് അജിത കുമാരിയെ കോഴിക്കോട് ആർടി ഓഫീസിലേക്ക് സ്ഥലം മാറ്റി. സിന്ധുവിൻ്റെ ആത്മഹത്യാ കുറിപ്പിലും ഡയറിക്കുറിപ്പിലും അജിതകുമാരിയുടെ പേരുണ്ടായിരുന്നു. ഡെപ്യൂട്ടി ട്രാൻസ്പോർട്ട് കമ്മീഷണർ ആർ രാജീവിൻ്റെ റിപ്പോർട്ടിൻ്റെ അടിസ്ഥാനത്തിലാണ് നടപടി.
ഈ മാസം 6 നാണ് സീനിയർ ക്ലർക്ക് പിഎ സിന്ധുവിനെ എള്ളുമന്ദത്തെ വീട്ടിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. സഹപ്രവർത്തകരിൽ നിന്നുണ്ടായ മാനസിക പീഡനമാണ് ആത്മഹത്യയ്ക്ക് കാരണമെന്നാണ് ആരോപണം. ജോലി സംബന്ധമായി അജിത കുമാരിയും സിന്ധുവും തമ്മിൽ തർക്കങ്ങൾ ഉണ്ടായിരുന്നുവെന്ന് പ്രാഥമിക അന്വേഷണത്തില്‍ തന്നെ കണ്ടെത്തിയിരുന്നു. അന്വേഷണ വിധേയമായി നേരത്തെ അജിത കുമാരിയോട് നിർബന്ധിത അവധിയിൽ പ്രവേശിക്കാൻ നിർദേശിച്ചിരുന്നു.
പൊലീസ് കണ്ടെത്തിയ ഡയറിയിൽ മറ്റ് രണ്ട് സഹപ്രവർത്തകരുടെ പേരുകളും ഉണ്ട്. കൈകൂലിക്കും കള്ളതരങ്ങൾക്കും കൂട്ടുനിൽക്കാത്തവർ സർക്കാർ ജോലിക്ക് നിൽക്കരുതെന്ന ഡയറിയിലെ വരികൾ മോട്ടോർ വാഹനവകുപ്പിനെ സമ്മർദ്ദത്തിലാക്കിയിട്ടുണ്ട്.

