തിരുവനന്തപുരം: സോളാർ കേസുമായി ബന്ധപ്പെട്ട് കെബി ഗണേഷ് കുമാർ എംഎൽഎയുടെ മൊഴിയെടുത്ത് സിബിഐ. മൂന്ന് ദിവസം മുൻപാണ് തിരുവനന്തപുരത്ത് വച്ച് സിബിഐ സംഘം ഗണേഷിന്റെ മൊഴിയെടുത്തത്. പരാതിക്കാരിയുമായി ഗണേഷ് കുമാറിനുള്ള ബന്ധത്തെ കുറിച്ചും, മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി ഉൾപ്പെടെ ഉള്ളവർക്കെതിരെയുള്ള വെളിപ്പെടുത്തലുകളെ കുറിച്ചുമായിരുന്നു സിബിഐ ചോദിച്ചറിഞ്ഞത്.
അതേസമയം ഗണേഷ് കുമാറിന്റെ മുൻ പിഎ പ്രദീപ് കോട്ടത്തലയെയും സംഘം ചോദ്യം ചെയ്യും. ഒരാഴ്ചയ്ക്കകം ഹാജരാകാൻ പ്രദീപ് കോട്ടത്തലക്ക് നോട്ടീസ് നൽകിയിട്ടുണ്ട്. സോളാർപീഡന കേസില്‍ ഹൈബി ഈഡൻ എം പിയെ കഴിഞ്ഞ ദിവസം സിബിഐ ചോദ്യം ചെയ്തിരുന്നു. കൊച്ചിയിൽ വെച്ചാണ് എംപിയെ ചോദ്യം ചെയ്തത്. കേസുമായി ബന്ധപ്പെട്ട് എംഎല്‍എ ഹോസ്റ്റലില്‍ സിബിഐ നേരത്തെ തെളിവെടുപ്പ് നടത്തിയിരുന്നു. സോളാർ പീഡനക്കേസിൽ ആറ് കേസുകളാണ് സിബിഐ രജിസ്റ്റർ ചെയ്തിട്ടുള്ളത്. സോളാർ പദ്ധതിയ്ക്ക് സഹായം വാഗ്ദാനം ചെയ്ത് ജനപ്രതിനിധികളം രാഷ്ട്രീയ നേതാക്കാളും പീഡിപ്പിച്ചുവെന്നായിരുന്നു പരാതി.
ഹൈബി ഈഡൻ എംഎൽഎ ആയിരുന്ന സമയത്ത് മണ്ഡലത്തിലെ സോളാർ പദ്ധതി ചർച്ച ചെയ്യാൻ ചെന്നപ്പോള്‍ എംഎൽഎ ഹോസ്റ്റൽ മുറിയിൽ വച്ച് പീഡിച്ചുവെന്നാണ് കേസ്. 2012 ഡിസംബർ ഒമ്പതിന് പീഡിപ്പിച്ചുവെന്നാണ് പരാതി നൽകിയിട്ടുള്ളത്. ഈ മുറിയിൽ വച്ച് പരാതിക്കാരിയുടെ സാന്നിധ്യത്തിൽ അന്വേഷണ സംഘം തെളിവെടുപ്പ് നടത്തിയിരുന്നു. ഇതിന് ശേഷമാണ് ഹൈബി ഈഡനെ ചോദ്യ ചെയ്തത്. കൊച്ചി സെൻട്രൽ പി.ഡബ്യു.ഡി ഗസ്റ്റ് ഹൗസിൽ വച്ചാണ് മൊഴിയെടുത്തത്. ചോദ്യം ചെയ്യൽ ഒരു മണിക്കൂർ നീണ്ടുനിന്നിരുന്നു
