മതവിദ്വേഷ പ്രസംഗം നടത്തിയെന്ന കേസിൽ മുൻ എം.എൽ.എ പി.സി.ജോർജ് ഹൈക്കോടതിയിൽ മുൻകൂർ ജാമ്യാപേക്ഷ സമർപ്പിച്ചു. ഹർജി ഇന്ന് ഉച്ചയ്ക്കു കോടതി പരിഗണിക്കും. എറണാകുളം സെഷൻസ് കോടതി മുൻകൂർ ജാമ്യാപേക്ഷ തള്ളിയതിനെ തുടർന്നു പൊലീസ് അറസ്റ്റിനായി അന്വേഷണം ശക്തിമാക്കിയിരിക്കുന്ന സാഹചര്യത്തിലാണ് പി.സി. ജോർജ് മുൻകൂർ ജാമ്യാപേക്ഷയുമായി ഹൈക്കോടതിയിലെത്തിയിരിക്കുന്നത്. പി.സി. ജോർജ് ഒളിവിലാണ് എന്നു കഴിഞ്ഞ ദിവസം പൊലീസ് അറിയിച്ചിരുന്നു. മുൻകൂർ ജാമ്യാപേക്ഷ തള്ളിയതിനു പിന്നാലെ കഴിഞ്ഞ ദിവസം കൊച്ചിയിൽ നിന്ന് എത്തിയ പൊലീസ് സംഘം ഈരാറ്റുപേട്ടയിലെ വീട്ടിൽ പരിശോധന നടത്തിയെങ്കിലും ജോർജിനെ കണ്ടെത്താൻ സാധിച്ചിരുന്നില്ല. കഴിഞ്ഞ 8നു പി.സി.ജോർജ് നടത്തിയ പ്രസംഗം മതവിദ്വേഷം വളർത്തുന്നതാണെന്ന ആരോപണത്തെത്തുടർന്നു പാലാരിവട്ടം പൊലീസാണു സ്വമേധയാ കേസെടുത്തത്.
