നടിയെ ആക്രമിച്ച കേസിൽ മുഖ്യമന്ത്രിയെയും സർക്കാരിനെയും പരിഹസിച്ച് എഴുത്തുകാരി സാറാ ജോസഫിന്റെ ഫെയ്സ് ബുക്ക് പോസ്റ്റ്. ഹൈക്കോടതിയിലും സുപ്രിം കോടതിയിലും മുഖ്യമന്ത്രി അതിജീവിതക്കൊപ്പമുണ്ടാവുമെന്ന കാര്യം തീർച്ചയാണെന്നാണ് സാറാ ജോസഫിന്റെ പരിഹാസം.
അതിജീവിതക്കൊപ്പമാണെന്ന് മുഖ്യമന്ത്രി പ്രസ്താവിച്ചതായി കാണുന്നു. കഴിഞ്ഞ 5 കൊല്ലവും മുഖ്യമന്തിയുടെ രാഷ്ട്രീയപ്പാർട്ടിയും മന്ത്രിസഭയും എങ്ങനെയൊക്കെ അവളുടെയൊപ്പമായിരുന്നു എന്നതിന് കേരളത്തിലെ ജനങ്ങൾ സാക്ഷികളാണല്ലോ. ഇനി ഹൈക്കോടതിയിലും സുപ്രിം കോടതിയിലും മുഖ്യമന്ത്രി അതിജീവിതക്കൊപ്പമുണ്ടാവുമെന്ന കാര്യം തീർച്ച!. അങ്ങനെ ഒടുവിൽ അവൾക്ക് നീതി കിട്ടും. അതിന്റെ നന്ദിയായിട്ടാണ് കേസന്വേഷണം അവസാനിപ്പിക്കുന്നത്. അല്ലാതെ വേറൊന്നുമല്ല. സാറാ ജോസഫ് ഫെയ്സ്ബുക്കിൽ കുറിച്ചു.
എന്നാൽ നടിയെ ആക്രമിച്ച കേസില്‍ കുറ്റപത്രം വേഗത്തില്‍ നല്‍കേണ്ടതില്ലെന്നാണ് അന്വേഷണ സംഘത്തിന്റെ തീരുമാനം. അന്വേഷണത്തിനായി കോടതിയോട് കൂടുതല്‍ സമയം ആവശ്യപ്പെടും. കേസ് വേഗത്തില്‍ തീര്‍ക്കാന്‍ സമ്മര്‍ദമുണ്ടെന്ന അതിജീവിതയുടെ ആരോപണത്തിന്റെ കൂടി പശ്ചാത്തലത്തിലാണ് നിര്‍ദേശമെന്നാണ് സൂചന. കേസിലെ തെളിവുകള്‍ പൂര്‍ണമായും ശേഖരിച്ച ശേഷം മാത്രം കുറ്റപത്രം നല്കിയാല് മതിയെന്നാണ് അന്വേഷണ സംഘത്തിന്റെ തീരുമാനം.
