അറസ്റ്റ് ചെയ്തു കൊണ്ടുപോകുകയായിരുന്ന പോപ്പുലർ ഫ്രണ്ട് നേതാവിനെ പൊലീസ് വാഹനം തടഞ്ഞു ബലമായി മോചിപ്പിക്കാൻ ശ്രമം. സംഭവത്തിൽ 6 പേരെ പൊലീസ് അറസ്റ്റ് ചെയ്തു. പോപ്പുലർ ഫ്രണ്ട് സംസ്ഥാന സമിതി അംഗം യഹിയ തങ്ങളെ കുന്നംകുളത്തു നിന്ന് അറസ്റ്റ് ചെയ്ത് ആലപ്പുഴയിലേക്കു പൊലീസ് അകമ്പടിയോടെ കൊണ്ടുപോകുമ്പോഴാണ് മോചിപ്പിക്കാൻ ശ്രമം നടന്നത്.
ആലുവ കമ്പനിപ്പടി മെട്രോ സ്റ്റേഷനു മുൻപിലാണു ഇവർ വലിയ സംഘമായെത്തി പൊലീസ് വാഹനം തടഞ്ഞത്. സംഘം മുദ്രാവാക്യം വിളിച്ചു വാഹനത്തിനു മുൻപിൽ അണിനിരക്കുകയായിരുന്നു. കുഞ്ഞുണ്ണിക്കര പത്തായപ്പുരക്കൽ സുധീർ (45), എരമം ഓലിപ്പറമ്പിൽ സാദിഖ് (43), ഓലിപ്പറമ്പിൽ ഷമീർ (38), പയ്യപിള്ളി ഷഫീഖ് (38), ഏലൂക്കര അത്തനാട്ട് അൻവർ (42), ഉളിയന്നൂർ പല്ലേരിക്കണ്ടം കാസിം (36) എന്നിവരാണ് അറസ്റ്റിലായത്.
