തിരുവനന്തപുരം : മാധ്യമങ്ങൾക്കും മാധ്യമ പ്രവർത്തകർക്കും ഏറെ പ്രസക്തിയുള്ള കാലഘട്ടമാണ് കടന്നുപോകുന്നതെന്ന് മന്ത്രി അഹമ്മദ് ദേവർ കോവിൽ. കേരള മീഡിയ പേഴ്സൺ യൂണിയൻ തിരുവനന്തപുരം ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച സംസ്ഥാന നേതാക്കൾക്ക് സ്വീകരണവും, ഉന്നത വിജയികളെ ആദരിക്കൽ ചടങ്ങും ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു .
ജനാധിപത്യ രാജ്യത്ത് മാധ്യമങ്ങളുടെ പങ്ക് വളരെ വലുതും, ഏറെ ആദരിക്കപ്പെടേണ്ട ജോലിയുമാണ്. യാഥാർത്ഥ്യങ്ങളെ കണ്ടെത്തി ബഹുജന സമക്ഷം അവതരിപ്പിക്കേണ്ട ബാധ്യത മാധ്യമങ്ങൾ നിറവേറ്റുമ്പോഴും , വിമർശനങ്ങളിൽ അതിർവരമ്പുകൾ നിശ്ചയിക്കണമെന്നും മന്ത്രി കൂട്ടിച്ചേർത്തു.
സംസ്ഥാന പ്രസിഡന്റ് എം.റഫീഖ്, ജനറൽ സെക്രട്ടറി സുവീഷ് ബാബു, ട്രഷറർ ഷാഫി ചങ്ങരംകുളം, കോർ കമ്മിറ്റി ചെയർമാൻ വി.സെയ്ത് എന്നിവരെ മന്ത്രി ആദരിച്ചു. അഡ്വ.എം വിൻസന്റ് എം.എൽ എ മുഖ്യഥിതിയായി .കെ എം പി. യു ജില്ലാ പ്രസിഡന്റ് എ. അബുബക്കർ അദ്ധ്യക്ഷനായി. ബി.ജെ.പി. സംസ്ഥാന വക്താവ് സന്ദീപ് വാചസ്പതി, ചലച്ചിത്ര അക്കാഡമി വൈസ് ചെയർമാൻ പ്രേംകുമാർ, ഐ എൻ ടി യു സി ജില്ലാ പ്രസിഡന്റ് വി.ആർ.പ്രതാപൻ, എസ്.ടി.യു ദേശീയ സമിതി അംഗം ജി. മാഹീൻ അബൂബക്കർ,
ബി എം എസ് ജില്ലാ സെക്രട്ടറി കെ.വി. ആനന്ദ്, നഗരസഭാ സ്റ്റാൻറ്റിംഗ് കമ്മിറ്റി ചെയർമാൻ എസ്.എം.ബഷീർ, വിവിധ രാഷ്ട്രീയ കക്ഷി നേതാക്കൾ, കെ.എം.പി.യു സംസ്ഥാന ജില്ലാ ഭാരവാഹികൾ തുടങ്ങിയവർ പ്രസംഗിച്ചു. ജില്ലാ ജനറൽ സെക്രട്ടറി അനിൽ സംസ്ക്കാര സ്വാഗതവും, ട്രഷറർ ചന്ദ്രകുമാർ കൊറ്റാമം നന്ദിയും രേഖപ്പെടുത്തി.
