ആഴിമലയിൽ നിന്ന് ദുരൂഹ സാഹചര്യത്തിൽ കാണാതായ കിരണിന്റേതെന്ന് സംശയിക്കുന്ന മൃതദേഹം തിരിച്ചറിയാനായി ഡി.എൻ.എ പരിശോധനക്കുള്ള നടപടികൾ പൊലീസ് ആരംഭിച്ചു. മൃതദേഹത്തിൽ നിന്ന് തമിഴ്നാട് അധികൃതർ ശേഖരിച്ച സാമ്പിൾ ഇന്നലെ വിഴിഞ്ഞം പൊലീസിന് കൈമാറി. കിരണിന്റെ മാതാപിതാക്കളെ വിളിച്ച് വരുത്തിയ അധികൃതർ തിരുവനന്തപുരം ജനറൽ ആശുപത്രിയിൽ എത്തിച്ച് രക്തസാമ്പിളും ശേഖരിച്ചു.
നെയ്യാറ്റിൻകര ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് ഏഴാം കോടതിയുടെ അനുമതിയോടെ സാമ്പിളുകൾ ഇന്ന് തന്നെ തിരുവനന്തപുരം ഫോറൻസിക് ലാബിലേക്ക് പരിശോധനക്ക് അയക്കുമെന്ന് അന്വേഷണ ചുമതലയുള്ള വിഴിഞ്ഞം സി.ഐ പ്രജീഷ് ശശി അറിയിച്ചു. ഫലം കിട്ടുന്ന മുറക്ക് ആശാരിപ്പള്ളം മെഡിക്കൽ കോളേജിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം ബന്ധുക്കൾക്ക് വിട്ടു നൽകുന്നതിന് തീരുമാനമുണ്ടാകും. പെൺ സുഹൃത്തിനെത്തേടി ഇക്കഴിഞ്ഞ ഒൻപത് ശനിയാഴ്ച ഉച്ചയോടെ ആഴിമലയിൽ എത്തി ദുരൂഹ സാഹചര്യത്തിൽ കാണാതായ കിരണിന്റേതെന്ന് കരുതുന്ന മൃതദേഹമാണ് പതിമൂന്നിന് രാവിലെ കുളച്ചൽ നിദ്രവിള തീരത്തടിഞ്ഞത്. പിതാവും ബന്ധുക്കളും തിരിച്ചറിഞ്ഞ മൃതദേഹം കിരണിൻറേതാണെന്ന് ഉറപ്പുവരുത്താനാണ് മൃതദേഹം ഡിഎൻഎ പരിശോധന നടത്താൻ പൊലീസ് തീരുമാനിച്ചത്.

