പാരിസ്ഥിതിക കാരണങ്ങൾ പരിഹരിക്കുന്നതിനൊപ്പം എണ്ണ ഇറക്കുമതിയെ ആശ്രയിക്കുന്നത് കുറയ്ക്കുന്നതിന് കൂടിയുള്ള ശ്രമത്തിലാണ് ഇന്ത്യ. ഇതിന്‍റെ ഭാഗമായി അടുത്ത വർഷം ഏപ്രിൽ മുതൽ രാജ്യത്തെ തിരഞ്ഞെടുത്ത പെട്രോൾ പമ്പുകളിൽ 20 ശതമാനം എത്തനോൾ കലർത്തിയ പെട്രോൾ വിതരണം ചെയ്യാൻ തുടങ്ങും എന്നാണ് പുതിയ റിപ്പോര്‍ട്ട്. അതിനുശേഷം ക്രമേണ സർക്കാർ വിതരണം വർധിപ്പിക്കും എന്നും ഈ വർഷം ജൂണിൽ 10 ശതമാനം എത്തനോൾ കലർത്തിയ പെട്രോൾ വിതരണം ചെയ്യുക എന്ന ലക്ഷ്യം ഇന്ത്യ നേടിയിരുന്നു എന്നും നിശ്ചിത സമയപരിധിക്ക് അഞ്ച് മാസം മുമ്പ് തന്നെ ഈ നേട്ടം രാജ്യം സ്വന്തമാക്കി എന്നും എച്ച്ടി ഓട്ടോ റിപ്പോര്‍ട്ട് ചെയ്യുന്നു.10 ശതമാനം എത്തനോൾ മിശ്രിതം എന്ന ലക്ഷ്യം നേടിയ ശേഷം, രാജ്യം ഇപ്പോൾ പെട്രോളിൽ 20 ശതമാനം എത്തനോൾ കലർത്തുക എന്ന ലക്ഷ്യം 2025ലേക്ക് ഉയർത്തി. 2025ഓടെ എത്തനോൾ പെട്രോള്‍ ഉപയോഗത്തിന്‍റെ അഞ്ചിലൊന്ന് നികത്തുമെന്ന് കേന്ദ്ര മന്ത്രി ഹർദീപ് പുരി പറഞ്ഞു. 20 ശതമാനം എത്തനോൾ കലർത്തിയ പെട്രോൾ കുറച്ച് അളവിൽ 2023 ഏപ്രിൽ മുതൽ ലഭ്യമാകും, ബാക്കിയുള്ളവ 2025 ഓടെ പൂര്‍ണമാകുമെന്നും അദ്ദേഹം പറഞ്ഞു.
പെട്രോളിൽ 10 ശതമാനം എത്തനോൾ കലർത്തുന്നതിലൂടെ, രാജ്യത്തിന് 41,500 കോടി രൂപയുടെ വിദേശനാണ്യ വിനിമയം ലാഭിക്കാനും 27 ലക്ഷം ടൺ ഹരിതഗൃഹ വാതക ഉദ്‌വമനം കുറയ്ക്കാനും കർഷകർക്ക് 40,600 കോടി രൂപ വേഗത്തിൽ നൽകാനും കഴിയും എന്നാണ് റിപ്പോര്‍ട്ടുകള്‍. 20 ശതമാനം എത്തനോൾ കലർന്ന പെട്രോളിന്റെ വിതരണം പ്രതിവർഷം നാല് ബില്യൺ ഡോളർ ലാഭിക്കുമെന്ന് കണക്കാക്കുന്നു.

