തകർന്നടിഞ്ഞ് നെയ്യാറ്റിൻകരയിലെ ഇടറോഡുകൾ

തകർന്നടിഞ്ഞ് നെയ്യാറ്റിൻകരയിലെ ഇടറോഡുകൾ

നഗരത്തിലെ ഇടറോഡുകളെല്ലാം കുണ്ടും കുഴിയും നിറഞ്ഞ് തകർന്ന നിലയിലായിട്ട് വർഷങ്ങളാവുന്നു. പ്രധാന റോഡുകൾ റാർ ചെയ്ത് അതിൻ്റെ പേരിൽ ഫ്ലക്സ് ബോർഡുകൾ സ്ഥാപിച്ച് അഭിമാനം കൊള്ളുന്ന ജനപ്രതിനിധികൾ ഇടറോഡുകളുടെ ശോച്യാവസ്ഥ കണ്ട ഭാവമില്ലെന്ന് പരാതി ഉയരുന്നു. ഓണക്കാലം കൂടി അടുത്തതോടെ ഗതാഗത കുരുക്ക് കൊണ്ട് വീർപ്പുമുട്ടുന്ന പ്രധാനറോഡിലെ യാത്രക്കാർക്ക് ആശ്വാസമാവേണ്ട ഇടറോഡുകൾ പൊട്ടിപ്പൊളിഞ്ഞത് ജനങ്ങളെ വലയ്ക്കുകയാണ്. നഗരത്തിലെ തിരക്കേറിയ പ്രധാന പാതയായ കൃഷ്ണൻകോവിൽ കോടതിറോഡിൽ കോടതിക്ക് മുന്നിൽ തന്നെ വലിയ കുഴികളാണ് രൂപപ്പെട്ടിരിക്കുന്നത്. ആർ സി സ്ട്രീറ്റ് റോഡ്, ടി ബി ജംഗ്ഷൻ ആശുപത്രി ജംഗ്ഷൻ റോഡ്, ആശുപത്രി റെയിൽവേ സ്റ്റേഷൻ റോഡ്, എസ്ബിഐ പോലീസ് സ്റ്റേഷൻ റോഡ്, അമ്മൻ കോവിൽ വിശ്വഭാരതി ഗ്രാമം റോഡ്, മൂന്നുകല്ലിൻമൂട് ഊരൂട്ടുകാല റോഡ്, ഗ്രാമം ടൈൽ ഫാക്ടറി വ്ലാങ്ങാമുറി റോഡ്, കോൺവെൻ്റ് കവളാകുളം റോഡ് എന്നിവയെല്ലാം തകർന്ന നിലയിലാണ് മഴക്കാലത്ത് കുഴികൾ തിരിച്ചറിയാനാവാതെ മുട്ടോളം വെള്ളം നിറഞ്ഞ് ഇരുചക്രവാഹനങ്ങൾ ഉൾപ്പെടെ അപകടങ്ങളിൽ പെടുന്നതും ഈ റോഡുകളിൽ സ്ഥിരം കാഴ്ച്ചയാണ്. ഇതിൽ വ്ലാങ്ങാമുറി ഗ്രാമം റോഡിൽ ടാറിൻ്റെ അംശം പോലും പലയിടത്തും കാണാനില്ല. നഗരത്തിലെ ഏറ്റവും ദുസ്സഹമായ റോഡാണിത്. വ്ലാങ്ങാമുറിയിൽ നിന്നും അമരവിളയിലേക്ക് നഗരം ചുറ്റാതെ എത്തിച്ചേരാൻ കഴിയുന്ന ഈ റോഡ് ഇന്ന് യാത്രക്കാർ ഉപേക്ഷിച്ച നിലയിലാണ്. എന്നാൽ പ്രദേശവാസികൾ മറ്റുമാർഗ്ഗമില്ലാതെ ദുരിതമനുഭവിക്കുകയാണ്. കൂടാതെ സ്വകാര്യവ്യക്തികൾ ഈ റോഡുവക്കിൽ മാലിന്യം നിക്ഷേപിക്കുന്നതും, നിർമ്മാണ സാധനങ്ങൾ കൂട്ടിയിട്ടിരിക്കുന്നതും പ്രദേശവാസികൾക്കും യാത്രക്കാർക്കും ബുദ്ധിമുട്ടുണ്ടാക്കുന്നുണ്ട്. ഗ്രാമം കവല മുതൽ നെയ്യാറ്റിൻകര വരെ ഇരുവശത്തേക്കുമുള്ള ഇടറോഡുകൾ കാൽനട യാത്രക്കുപോലും പറ്റാത്ത നിലയിലാണ്.

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *