തിരുവനന്തപുരം ∙ വടക്കഞ്ചേരി ബസ് അപകടത്തിൽ മരിച്ച രോഹിത് രാജ് ഏതാനും വർഷം മുൻപ് തിരുവനന്തപുരത്തെ കോളജുകളിലെ ബാസ്കറ്റ് ബോൾ കോർട്ടുകളിൽ നിറഞ്ഞു നിന്ന താരം. മാർ ഇവാനിയോസ് കോളജിൽ 2016 മുതൽ 2019 വരെ ബികോം വിദ്യാർഥിയായിരുന്ന രോഹിത് രാജ് ഒട്ടേറെ ടൂർണമെന്റുകളിൽ കോളജിനു വേണ്ടി കോർട്ടിൽ ഇറങ്ങി മികച്ച പ്രകടനം കാഴ്ചവച്ചതായി അധ്യാപകരും സഹപാഠികളും ഓർമിക്കുന്നു. തൃശൂർ മടത്തറ സ്വദേശിയായ രോഹിത് ബാസ്കറ്റ് ബോൾ താരമെന്ന മികവിൽ സ്പോർട്സ് ക്വോട്ടയിൽ പ്രവേശനം നേടിയാണ് മാർ ഇവാനിയോസിൽ എത്തുന്നത്.
താമസിയാതെ കോളജിലെ ബാസ്കറ്റ് ബോൾ ടീം അംഗമായി. സെന്റ് തോമസ് ഹോസ്റ്റലിൽ ആയിരുന്നു അക്കാലത്തു താമസം. ബിരുദ പഠനശേഷം നാട്ടിലേക്കു മടങ്ങിയ രോഹിത്തിന്റെ തുടർപഠനവും മറ്റു വിവരങ്ങളും സഹപാഠികൾ അറിഞ്ഞിരുന്നു. ഇന്നലെ ബസപകടത്തിൽ മരിച്ചവരിൽ രോഹിതും ഉണ്ടെന്ന വിവരം സുഹൃദ്സംഘത്തിന് ആദ്യം വിശ്വസിക്കാനായില്ല. കോളജിലെയും ഹോസ്റ്റലിലെ മുൻ താമസക്കാരുടെയും സമൂഹമാധ്യമ കൂട്ടായ്മകളിൽ ആ വാർത്ത വേദനയോടെയാണു സുഹൃത്തുക്കൾ പങ്കുവച്ചത്.രോഹിത്തിന്റെ സഹോദരി ലക്ഷ്മി ഇരിങ്ങാലക്കുട സെന്റ് ജോസഫ്സ് കോജിലെ ബിരുദവിദ്യാർഥിയും ദേശീയ ജൂനിയർ ബാസ്കറ്റ് ബോൾ താരവുമാണ്.
