നെയ്യാറ്റിൻകര: പ്രായപൂർത്തിയാകാത്ത പെൺകുട്ടി പ്രസവിച്ച കുഞ്ഞിനെ കുഴിച്ചിട്ടെന്ന അഭ്യൂഹം ആശങ്ക പരത്തി. ഒടുവിൽ പൊലീസിന്റെ അന്വേഷണത്തിൽ കുഞ്ഞ് എസ്എടി ആശുപത്രിയിലുണ്ടെന്ന് സ്ഥിരീകരിച്ചു. നെയ്യാറിന്റെ തീരത്ത് കുഴിച്ചിട്ടത് പ്രസവ സമയത്ത് രക്തം പുരണ്ട തുണികളാണെന്ന് പൊലീസും ഫൊറൻസിക് വിദഗ്ധരും ചേർന്നു നടത്തിയ പരിശോധനയിൽ കണ്ടെത്തി. ഇതോടെ പൊലീസ് കസ്റ്റഡിയിൽ എടുത്ത മുള്ളറവിള സ്വദേശിയെ വിട്ടയച്ചു. മിനിയാന്നു വൈകിട്ട് ആറരയോടെയാണ് പെരുമ്പഴുതൂർ മുള്ളറവിളയ്ക്കു സമീപം നെയ്യാറിന്റെ തീരത്ത് നവജാത ശിശുവിന്റെ മൃതദേഹം കുഴിച്ചിട്ടതായി അഭ്യൂഹം ഉയർന്നത്. ഇന്നലെ ഉച്ചയ്ക്ക് പന്ത്രണ്ടരയോടെയാണ് പൊലീസും ഫൊറൻസിക് വിദഗ്ധരും എത്തി സ്ഥലം കുഴിച്ചു പരിശോധിച്ചത്. രക്തം പുരണ്ട തുണികൾ മാത്രമാണ് ലഭിച്ചത്. വട്ടിയൂർക്കാവ് സ്വദേശിയായ പ്രായപൂർത്തിയാകാത്ത പെൺകുട്ടി പ്രസവിച്ചത് വീട്ടിലാണ്.
