കിളിമാനൂർ: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച് ഗർഭിണിയാക്കിയ കേസിൽ പോക്സോ വകുപ്പ് പ്രകാരം യുവാവ് അറസ്റ്റിൽ. കിളിമാനൂർ മുളയ്ക്കലത്തുകാവ് ചരുവിള പുത്തൻവീട്ടിൽ ശ്രീഹരി(26) ആണ് അറസ്റ്റിലായത്. പ്രതി ഭാര്യയും കുട്ടിയും ഉള്ള ആളാണെന്ന് പൊലീസ് പറഞ്ഞു. ഏറെ നാളുകളായി പെൺകുട്ടിയുടെ വീടുമായി അടുപ്പം ഉണ്ടായിരുന്നപ്പോഴാണ് ഇയാൾ വിവാഹിതനാകുന്നത്.ഭാര്യയുമായി പിണക്കത്തിൽ ആയപ്പോൾ പെൺകുട്ടിയെ ചടയമംഗലത്ത് കൊണ്ടു പോയി ഹോട്ടലുകളിൽ ജോലിക്ക് നിർത്തി. ഹോട്ടലുകാർക്കു സംശയം തോന്നിയതിനെ തുടർന്ന് ഹോട്ടലുകളിൽ മാറി മാറി ജോലി ചെയ്തു. ഇതിനിടയിൽ ചടയമംഗലത്ത് വീട് വാടകയ്ക്ക് എടുത്ത് പെൺകുട്ടിയുമായി താമസം തുടങ്ങി. ലോഡ്ജുകളിലും വാടക വീട്ടിലും താമസിച്ചാണ് പെൺകുട്ടിയെ പീഡിപ്പിച്ചതെന്ന് പൊലീസ് പറഞ്ഞു. പെൺകുട്ടിയെ കാണാനില്ല എന്ന അമ്മൂമ്മയുടെ പരാതിയെ തുടർന്ന് നഗരൂർ പൊലീസ് നടത്തിയ അന്വഷണത്തിലാണ് പ്രതി പിടിയിലായത്. നഗരൂർ എസ്ഐ:എസ്.സജുവും സംഘവും അറസ്റ്റ് ചെയ്ത പ്രതിയെ കോടതി റിമാൻഡ് ചെയ്തു.
