കഴക്കൂട്ടം: കാരോട് ബൈപാസിലെ സർവീസ് റോഡിന്റെ അശാസ്ത്രീയമായ നിർമാണം മൂലം ദേവസ്വം ബോർഡിന്റെ കീഴിലുള്ള കഴക്കൂട്ടം കുളങ്ങര ശ്രീകൃഷ്ണ സ്വാമി ക്ഷേത്രത്തിലെ ശ്രീകോവിൽ ഭാഗികമായി വെള്ളത്തിൽ മുങ്ങിയ നിലയിൽ. ശാന്തിക്കോ ഭക്തർക്കോ ക്ഷേത്രത്തിൽ പ്രവേശിക്കണം എങ്കിൽ മുട്ടോളം വെള്ളത്തിൽ മുങ്ങേണ്ട അവസ്ഥ. കഴക്കൂട്ടം മഹാദേവർ ക്ഷേത്രത്തിന്റെ ഭാഗമായ കുളങ്ങര ശ്രീകൃഷ്ണ സ്വാമി ക്ഷേത്രത്തിനു മുൻപിലെ കുളം മഴക്കാലത്ത് നിറയുമ്പോൾ വെള്ളം തെറ്റിയാർ തോട്ടിലേക്ക് ഒഴുകാൻ സൗകര്യം ഉണ്ടായിരുന്നു. എന്നാൽ ബൈപാസ് നിർമിക്കുമ്പോൾ കുളത്തിൽ നിന്നുള്ള വെള്ളം തെറ്റിയാറിലേക്ക് ഒഴുകുന്ന ഓട മണ്ണിട്ട് നികത്തി ബൈപാസും സർവീസ് റോഡുകളും നിർമിച്ചു. ഇപ്പോൾ ചെറിയ മഴ പെയ്താൽ പോലും കുളം നിറയും. കുളം നിറയുമ്പോൾ കരയിലുള്ള ക്ഷേത്രത്തിലെ ശ്രീകോവിൽ വെള്ളത്തിൽ മുങ്ങും. കഴക്കൂട്ടം മഹാദേവർ ക്ഷേത്രത്തിലെ ഉപദേശക സമിതിയും ഭക്തരും നാട്ടുകാരും ഇൗ അവസ്ഥയ്ക്ക് പരിഹാരം വേണും എന്നാവശ്യപ്പെട്ട് മന്ത്രിക്കും ദേവസ്വം ബോർഡ് അധികൃതർക്കും മറ്റും നിവേദനം നൽകി എങ്കിലും ഫലം ഉണ്ടായില്ല. കുളത്തിൽ നിന്നും തെറ്റിയാറിലേക്ക് വെള്ളം ഒഴുകി പോകാൻ ബൈപാസിനു സമീപത്തെ സർവീസ് റോഡിനടിയിൽ കൂടി ഓട നിർമിക്കണം എന്നാണ് നാട്ടുകാരുടെ ആവശ്യം.
