നെടുമങ്ങാട്: വിഴിഞ്ഞം-നാവായിക്കുളം, തേക്കട-മംഗലപുരം ഔട്ടർ റിങ് റോഡ് പദ്ധതിക്ക് സ്ഥലമേറ്റെടുക്കാൻ ദേശീയപാത അതോറിറ്റി വിജ്ഞാപനമിറക്കി. 324.75 ഹെക്ടർ ഭൂമി ഏറ്റെടുക്കുന്നതു സംബന്ധിച്ച വിജ്ഞാപനമാണ് കഴിഞ്ഞ ദിവസം പുറത്തിറങ്ങിയത്. നെയ്യാറ്റിൻകര, കാട്ടാക്കട, തിരുവനന്തപുരം, നെടുമങ്ങാട്, ചിറയിൻകീഴ്, വർക്കല താലൂക്കുകളിലെ 30 വില്ലേജുകളിലെ ഭൂമിയാണ് റോഡിനായി ഏറ്റടുക്കുന്നത്. ജില്ലയിലെ ഏറ്റവും വലിയ സ്ഥലമെടുപ്പിനാണ് ഇതോടെ കളമൊരുങ്ങുന്നത്.ജനുവരിയിൽ റോഡ് നിർമിക്കാനുള്ള കേന്ദ്ര അംഗീകാരം ലഭിച്ചതോടെയാണ് ഭൂമിയേറ്റെടുക്കലിന് നടപടികൾ തുടങ്ങിയത്. കേന്ദ്ര സർക്കാറിന്റെ ഭാരത് മാല പരിയോജന പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് റോഡ് നിർമാണം. 4871 കോടി രൂപയുടേതാണ് പദ്ധതി. സ്ഥലമേറ്റെടുക്കലിന്റെ 50 ശതമാനം തുക സംസ്ഥാന സർക്കാറാണ് വഹിക്കുന്നത്. ഭൂമിയേറ്റെടുക്കലിനും മറ്റുമായി 2222 കോടി രൂപയാണ് കണക്കാക്കുന്നത്. വിഴിഞ്ഞം-തേക്കട-മംഗലപുരം റിങ് റോഡ് നിർമാണം ആശങ്കയിലാഴ്ത്തുന്ന പ്രദേശവാസികൾ ഇതിനകം രംഗത്തുവന്നിട്ടുണ്ട്. തുടക്കത്തിലേ മംഗലപുരം, അണ്ടൂർക്കോണം പ്രദേശത്തുള്ളവർ പ്രതിഷേധവുമായി വന്നു. വിജ്ഞാപനം പുറത്തുവന്നതോടെ കൂടുതൽ പ്രദേശങ്ങളിൽനിന്ന് പ്രതിഷേധമുയരുകയാണ്. പുതിയ അലൈൻമെൻറ് പഠനം നടത്താതെയാണെന്നും ഇത് നടപ്പാക്കരുതെന്നും ആവശ്യപ്പെട്ട് വെമ്പായം വില്ലേജിലെ ബ്ലോക്ക് നമ്പർ 31ലും തേക്കട വില്ലേജിലെ ബ്ലോക്ക് നമ്പർ 30ലും ഉൾപ്പെടുന്ന കമുകറക്കോണം, കന്യാകുളങ്ങര, കക്കോട്ടുകോണം, കാഞ്ഞാൻവിളാകം തുടങ്ങിയ പ്രദേശങ്ങളിലെ ജനങ്ങൾ ചേർന്ന് കർമസമിതി രൂപവത്കരിച്ചു. ഇവർ മുഖ്യമന്ത്രി, സ്ഥലം എം.എൽ.എയും മന്ത്രിയുമായ ജി.ആർ. അനിൽ എന്നിവർക്ക് നിവേദനം നൽകി. ജനവാസമേഖലകൾ ഒഴിവാക്കി പദ്ധതി നടപ്പാക്കണമെന്ന് വെമ്പായം ഗ്രാമപഞ്ചായത്ത് ഭരണസമിതി തീരുമാനം കലക്ടർക്ക് നൽകിയിട്ടുണ്ട്. റിങ് റോഡ് നിർമാണത്തിനുകൂടി സ്ഥലമേറ്റെടുക്കുന്നതോടെ അണ്ടൂർക്കോണം പഞ്ചായത്തിന്റെ ഭൂരിഭാഗം പ്രദേശങ്ങളും നഷ്ടമാകുന്ന അവസ്ഥയാണന്ന് സ്ഥലവാസികളുടെ ആരോപണം. ജില്ലയിൽ സർക്കാറിന്റെ വിവിധ പദ്ധതികൾക്കായി ഏറ്റവും കൂടുതൽ സ്ഥലമെടുപ്പ് നടന്ന പഞ്ചായത്താണ് അണ്ടൂർക്കോണം. പവർഗ്രിഡ് പദ്ധതിക്കായി പള്ളിപ്പുറം നെൽപ്പാടവും കെ.എസ്.ഇ.ബി സബ് സ്റ്റേഷൻ നിർമിക്കാൻ 200 ഏക്കറും പള്ളിപ്പുറം ടെക്നോസിറ്റിക്കായി 350 ഏക്കറും സി.ആർ.പി.എഫ് ക്യാമ്പിനായി 280 ഏക്കർ സ്ഥലവും ഏറ്റെടുത്തിട്ടുണ്ട്. നിർദിഷ്ട മോണോറെയിൽ പദ്ധതിക്കായി 50 ഏക്കറും ഏറ്റെടുത്തു. ദേശീയപാതക്ക് ഭൂമി ഏറ്റെടുത്തതോടെ അണ്ടൂർക്കോണം പഞ്ചായത്തിലെ കണിയാപുരം ടൗണിലെ വ്യാപാരസ്ഥാപനങ്ങളും വീടുകളും മറ്റ് കെട്ടിടങ്ങളും ഇടിച്ചു തകർക്കേണ്ടിവരും.
