ബാലരാമപുരം: അമിത വേഗതയിൽ 3പേർ സഞ്ചരിച്ച ബൈക്ക് നിയന്ത്രണം വിട്ട് അച്ഛനും മകനും സഞ്ചരിച്ച ബൈക്കിൽ ഇടിച്ച് 5 പേർക്ക് പരുക്ക്. 4പേരുടെ നില ഗുരുതരം. പരുക്കേറ്റവരിൽ 3പേർ സ്കൂൾ വിദ്യാർഥികളാണ്. ഇന്നലെ രാവിലെ 8 മണിയോടെ പ്രാവച്ചമ്പലം അരിക്കട മുക്കിന് സമീപം വളവിലാണ് അപകടം. രണ്ട് വിദ്യാർഥികളുമായി നേമം ഭാഗത്തേക്ക് അമിത വേഗതയിൽ വന്ന ബൈക്കാണ് അപകടം ഉണ്ടാക്കിയത്.നേമം ഇടയ്ക്കോട് മണലുവിള വീട്ടിൽ നിജിൻ കുമാർ(25), ഇയാളോടൊപ്പം ബൈക്കിൽ ഉണ്ടായിരുന്ന നേമം സ്കൂൾ പ്ലസ് ടു വിദ്യാർഥി അക്ഷയ്, ഊരുട്ടമ്പലം സ്വദേശിയായ പ്ലസ് വൺ വിദ്യാർഥി അനന്തു, എതിരെ വന്ന ബൈക്കിൽ സഞ്ചരിച്ച കാരയ്ക്കാമണ്ഡപം സ്വദേശി മുഹമ്മദ് റാഫി, ഇദ്ദേഹത്തിന്റെ 8 വയസുള്ള മകൻ മുഹമ്മദ് റിസ്വാൻ എന്നിവർക്കാണ് പരുക്കേറ്റത്.റാഫി, നിതിൻ കുമാർ, അക്ഷയ് എന്നിവർ മെഡിക്കൽ കോളജ് ആശുപത്രിയിൽ അത്യാഹിത വിഭാഗത്തിലും മുഹമ്മദ് റിസ്വാൻ സ്വകാര്യ ആശുപത്രിയിലും ചികിത്സയിലാണ്. മാറനല്ലൂർ ക്രൈസ്റ്റ് നഗർ സ്കൂളിലെ 3–ാം ക്ലാസ് വിദ്യാർഥിയാണ് മുഹമ്മദ് റിസ്വാൻ. ട്യൂഷൻ ക്ലാസിലേക്ക് പോകും വഴിയാണ് അച്ഛനും മകനും അപകടത്തിൽപ്പെട്ടത്.
