പേരൂർക്കട: ആറ്റിൽ കുളിക്കാനിറങ്ങിയ ഓട്ടോറിക്ഷ ഡ്രൈവറെ കാണാതായി. വെള്ളനാട് ഉറിയാക്കോട് സ്വദേശി ഷിബുരാജി (38) നെയാണ് കാണാതായത്. ഇന്നലെ വൈകുന്നേരം 4.30ന് കരമനയാർ ഒഴുകുന്ന കുലശേഖരത്തെ കാവടിക്കടവിലാണ് സംഭവം. ഷിബുരാജ് ഉൾപ്പെടെ ആറ് ഓട്ടോ ഡ്രൈവർമാരാണ് കടവിന് സമീപം ഓട്ടോറിക്ഷകളിലായി എത്തിയത്. ഇതിനിടെ കടവിൽ കുളിക്കാൻ ഇറങ്ങിയ ഷിബുരാജ് നിലതെറ്റി വെള്ളത്തിലേക്കു വീഴുകയായിരുന്നു.തുടർന്ന്, സുഹൃത്തുക്കൾ വിവരം വട്ടിയൂർക്കാവ് സ്റ്റേഷനിൽ അറിയിച്ചു. എസ്ഐ ജയപ്രകാശിന്റെ നേതൃത്വത്തിലുള്ള സംഘം സ്ഥലത്തെത്തി അന്വേഷണം നടത്തി. സമയം വൈകിയതിനാൽ ഫയർഫോഴ്സിന് തെരച്ചിൽ നടത്താനായില്ല. തിരുവനന്തപുരം ഫയർ സ്റ്റേഷൻ ഓഫീസിൽ നിന്നുള്ള ജീവനക്കാർ ഇന്ന് തെരച്ചിൽ ആരംഭിച്ചു.
