ആറ്റിങ്ങൽ: വിനോദ സഞ്ചാര രംഗത്തെ മാതൃക സഹകരണ സ്ഥാപനം ആയ ചിറയിൻകീഴ് താലൂക്ക് ടൂറിസം കോ ഓപ്പറേറ്റിവ് സൊസൈറ്റിയുടെ പുതു വർഷ കലണ്ടർ പ്രകാശനം ചെയ്തു. ഋതുഭേതങ്ങൾക്ക് അനുസൃതമായ സഞ്ചാര സാധ്യതകളെ വിനിയോഗിക്കുവാൻ ജനങ്ങളെ ബോധവത്കരിക്കാൻ ഉതകുന്ന രീതിയിൽ കാവ്യാത്മകമായിട്ടാണ് കലണ്ടർ സജ്ജീകരിച്ചിട്ടുള്ളത്. തൊഴിൽ ഇടത്തിലെയും ജീവിത പ്രശ്നങ്ങളിലെയും സമ്മർദങ്ങൾക്ക് ഇടയിൽ മാനസിക ഉല്ലാസത്തിലൂടെ മാനസിക ആരോഗ്യം നിലനിർത്തേണ്ടത് ആവശ്യമായ കാലഘട്ടം ആണിത്. ഇതിന് അനുസരിച്ച് യാത്രയുടെ, യാത്ര ഓർമ്മകളുടെ സന്ദേശങ്ങൾ എഴുത്തിലൂടെയും വരയിലൂടെയും വർണിക്കുന്നതാണ് കലണ്ടർ. വിനോദ സഞ്ചാരത്തെയും അതിൻ്റെ അനുഭൂതികളെയും പ്രത്യേക തീം ആക്കി പേജുകൾ ക്രമീകരിച്ചിട്ടുള്ള കലണ്ടർ സംസ്ഥാനത്ത് ആദ്യമാണ്. സംസ്ഥാന സർക്കാരിന് കീഴിലുള്ള സാംസ്കാരിക സ്ഥാപനം ആയ വൈലോപ്പിള്ളി സംസ്കൃതി ഭവൻ വൈസ് ചെയർമാൻ ഗ്രാൻഡ് മാസ്റ്റർ ജി.എസ്.പ്രദീപ് പ്രകാശനം ചെയ്തു. ചിറയിൻകീഴ് താലൂക്ക് ടൂറിസം കോ ഓപ്പറേറ്റിവ് സൊസൈറ്റി പ്രസിഡൻ്റ് ഇളമ്പ ഉണ്ണികൃഷ്ണൻ, സെക്രട്ടറി രതീഷ് രവീന്ദ്രൻ എന്നിവർ പങ്കെടുത്തു.
