നെയ്യാറ്റിൻകര: നെയ്യാറ്റിൻകര ആശുപത്രി ജംക്ഷനിലെ ഹോട്ടലിൽ മോഷണം. പൂട്ട് തകർത്ത് ഉള്ളിൽ കടന്ന മോഷ്ടാവ് മേശയിൽ സൂക്ഷിച്ചിരുന്ന ഏതാണ്ട് നാലായിരം രൂപയുമായി കടന്നു. സുരേഷ് കുമാറിന്റെ ഉടമസ്ഥതയിലുള്ള ‘ശിവഗംഗ’ ഹോട്ടലിൽ മിനിയാന്നു പുലർച്ചെ ആണ് മോഷണം. കള്ളൻ ഇതര സംസ്ഥാനവാസിയെന്നു സംശയം. പുലർച്ചെ നാലരയോടെ ഹോട്ടൽ തുറക്കാനെത്തിയ സുരേഷ് കുമാർ കാണുന്നത് മേശ, അലങ്കോലമായ അവസ്ഥയിൽ കിടക്കുന്നതാണ്. മേശയുടെ ഉള്ളിൽ ഉണ്ടായിരുന്നവയിൽ പലതും നിലത്ത് ചിതറിക്കിടന്നിരുന്നു.പിന്നീട് സിസിടിവി പരിശോധിച്ചപ്പോഴാണ് ഇതെല്ലാം കള്ളന്റെ പണിയായിരുന്നു എന്നു കണ്ടെത്തിയത്. പുലർച്ചെ രണ്ടരയോടെ ആണ് മോഷ്ടാവ് പൂട്ടു പൊളിച്ച് ഹോട്ടലിനുള്ളിൽ കയറിയത്. മേശയിൽ ചില്ലറ ഏതാണ് 1500 രൂപ സൂക്ഷിച്ചിരുന്നു. ഉടമ സുരേഷ് കുമാറിന്റെ സുഹൃത്ത്, മറ്റൊരാൾക്കു നൽകാൻ വേണ്ടി ഏൽപിച്ച 2250 രൂപയും സമീപം ഉണ്ടായിരുന്നു.ഇവ മേശപ്പുറത്ത് വച്ച ശേഷം കള്ളൻ, മൊബൈൽ ടോർച്ച് ഉപയോഗിച്ച് കട മുഴുവൻ അരിച്ചു പെറുക്കിയതായി സിസിടിവി ദൃശ്യങ്ങളിൽ കാണാം. പിന്നീട് പണം മാത്രം എടുത്ത ശേഷം വന്ന വഴിയേ തന്നെ മടങ്ങുകയായിരുന്നു. നെയ്യാറ്റിൻകര പൊലീസ് കേസ് റജിസ്റ്റർ ചെയ്തു അന്വേഷണം ആരംഭിച്ചിട്ടുണ്ട്. സിസിടിവിയിൽ പതിഞ്ഞ ആളിന്റെ രൂപം വച്ചു നോക്കുമ്പോൾ അത് ഇതര സംസ്ഥാനത്തുള്ള ആളാകാനാണ് സാധ്യതയെന്നു പൊലീസ് പറഞ്ഞു.
