തിരുവനന്തപുരം: ചാല തെരുവിൽ അതിഥി തൊഴിലാളികളെ അനധികൃതമായി പാർപ്പിച്ചിരിക്കുന്ന കെട്ടിടം അടച്ചുപൂട്ടും. കെട്ടിട ഉടമയ്ക്കെതിരെ കേസെടുക്കും. തൊഴിലാളികളെ സുരക്ഷിതമായ ഇടങ്ങളിലേക്ക് മാറ്റി പാർപ്പിക്കാനും തീരുമാനിച്ചു. ഇന്ന് ഇതിനുള്ള നടപടികൾ ആരംഭിക്കും. മന്ത്രി വി.ശിവൻകുട്ടിയും മേയർ ആര്യ രാജേന്ദ്രനും ലേബർ കമ്മിഷണർ കെ.വാസുകിയും കെട്ടിടത്തിൽ പരിശോധന നടത്തിയ ശേഷമാണ് ഇക്കാര്യം അറിയിച്ചത്. ചാലയിൽ ഇത്തരത്തിൽ പ്രവർത്തിക്കുന്ന ഒട്ടേറെ കെട്ടിടങ്ങളെക്കുറിച്ച് വിവരം ലഭിച്ചിട്ടുണ്ടെന്നും അവിടെ പരിശോധന വ്യാപകമാക്കുമെന്നും ശിവൻകുട്ടി പറഞ്ഞു. തൊഴിലാളികൾ വൃത്തിഹീനമായ നിലയിൽ കഴിഞ്ഞിരുന്ന ഇരുനില കെട്ടിടവും ഷീറ്റിട്ട് മറച്ച ടെറസും സംഘം വിശദമായി പരിശോധിച്ചു. തൊഴിലാളികൾ തങ്ങൾ നേരിടുന്ന ബുദ്ധിമുട്ടുകൾ മന്ത്രിയോട് വിവരിച്ചു.പണം വാങ്ങുന്നുണ്ടെങ്കിലും സൗകര്യമോ സുരക്ഷയോ ഒരുക്കുന്നില്ലെന്നും തൊഴിലാളികൾ പറഞ്ഞു. തൊഴിലാളികളെ ഉടനടി നഗരത്തിലെ ഹാളുകളിലേക്കോ കല്യാണ മണ്ഡപങ്ങളിലേക്കോ മാറ്റാമെന്ന തൊഴിൽ വകുപ്പിന്റെ നിർദേശം പ്രായോഗികമല്ലെന്ന് മന്ത്രി ചൂണ്ടിക്കാട്ടി. കെട്ടിടത്തിലെ അനധികൃത നിർമാണം പൂർണമായും പൊളിച്ചു മാറ്റുമെന്ന് മേയർ ആര്യ രാജേന്ദ്രൻ പറഞ്ഞു. കോർപറേഷനിൽ നിന്ന് അനുമതി വാങ്ങാതെയാണ് ഇവിടെ ആളുകളെ ഈ രീതിയിൽ പാർപ്പിച്ചിരുന്നത്. 4 ദിവസം മുൻപ് നോട്ടിസ് നൽകിയിരുന്നെങ്കിലും കെട്ടിട ഉടമയിൽ നിന്ന് മറുപടി ലഭിച്ചില്ല. ഉടമയോട് കോർപറേഷനിൽ നേരിട്ടെത്താൻ നിർദേശിച്ചതായും മേയർ പറഞ്ഞു. കെട്ടിടത്തിൽ ലൈസൻസ് ഇല്ലാതെ പ്രവർത്തിക്കുന്ന കടകൾക്കു നേരെയും നടപടിയുണ്ടാകും.അതിഥി തൊഴിലാളികളെ താമസിപ്പിക്കുന്നതുമായി ബന്ധപ്പെട്ട ഇന്റർസ്റ്റേറ്റ് മൈഗ്രന്റ് വർക്ക്മാൻ ആക്ട് (1979) പ്രകാരം സ്ഥാപന ഉടമയ്ക്കും ഇവരെ എത്തിച്ച കരാറുകാർക്കും ലേബർ കമ്മിഷണറേറ്റ് നോട്ടിസ് നൽകുമെന്ന് കമ്മിഷണർ കെ.വാസുകി അറിയിച്ചു. അഡിഷനൽ ലേബർ കമ്മിഷണർ (എൻഫോഴ്സ്മെന്റ്) കെ.എം. സുനിലും മുപ്പതോളം ഉദ്യോഗസ്ഥരും പരിശോധനയിൽ പങ്കെടുത്തു.
