വിഴിഞ്ഞം: സ്വർണപണയ സ്ഥാപന ഉടമയെ ആക്രമിച്ചു കവർച്ച നടത്തിയ കേസിലെ പ്രതി ഭാര്യയെ ആക്രമിച്ച് കൊലപ്പെടുത്താൻ ശ്രമിച്ചു. കോട്ടുകാൽ, പുന്നവിള സിഎസ്ഐ പള്ളിക്ക് സമീപം വി.ആർ സദനത്തിൽ വിനീത് എന്നു വിളിക്കുന്ന വിമൽ കുമാർ(35) നെയാണ് ഭാര്യയെ വെട്ടിപ്പരുക്കേൽപ്പിച്ച കേസിൽ വിഴിഞ്ഞം പൊലീസ് അറസ്റ്റ് ചെയ്തത്. വ്യാഴം രാവിലെ ഏഴിന് നടന്ന സംഭവത്തിൽ കഴിഞ്ഞ ദിവസമാണ് ഇയാൾ പിടിയിലായത്. താൻ ഉപയോഗിച്ചിരുന്ന കത്തി സൂക്ഷിച്ച സ്ഥാനത്തു കാണാത്തതിനെ ചൊല്ലി ഭാര്യയുമായി വഴക്കുണ്ടായ ശേഷം കണ്ടെത്തിയ കത്തി ഉപയോഗിച്ചു പ്രതി ഭാര്യയുടെ കഴുത്തിൽ വെട്ടാൻ ശ്രമിച്ചുവെന്നു പൊലീസ് പറഞ്ഞു. തടഞ്ഞ യുവതിയുടെ കയ്യിൽ സാരമായി വെട്ടേറ്റുവെന്നും പൊലീസ് പറഞ്ഞു.കോട്ടുകാൽ വട്ടവിളയിൽ സ്വർണപണയ സ്ഥാപന ഉടമയെ ആക്രമിച്ചു പണവും സ്വർണവും തട്ടിയെടുത്ത കേസിലെ പ്രതിയായ വിനീതിനെതിരെ എട്ടിന് അയൽവാസിയെ ആക്രമിക്കാൻ ശ്രമിച്ചുവെന്ന പരാതിയിൽ വിഴിഞ്ഞം പൊലീസ് കേസെടുത്തിരുന്നു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡു ചെയ്തു.
