നേമം: കാപ്പ കേസിൽ ജയിൽ ശിക്ഷ അനുഭവിച്ച പ്രതിയെ കഞ്ചാവും വടിവാളുമായി നരുവാമൂട് പൊലീസ് പിടികൂടി. മേലാംകോട് പൊന്നുമംഗലം പുത്തൻവീട്ടിൽ കിരൺ ആണ് (40) പിടിയിലായത്. കാട്ടാക്കടയിൽനിന്ന് നേമത്തേക്ക് വരുകയായിരുന്ന ഇയാൾ സഞ്ചരിച്ചിരുന്ന ബൈക്ക് വലിയറത്തലക്ക് സമീപത്തുവെച്ച് നിയന്ത്രണംവിട്ടു മറിഞ്ഞു. പരിക്കേറ്റു റോഡിൽ കിടന്ന കിരണിനെ നാട്ടുകാർ ആശുപത്രിയിൽ എത്തിച്ചപ്പോഴാണ് ബാഗിൽ കഞ്ചാവും വടിവാളും ഉണ്ടെന്ന് മനസ്സിലായത്. തുടർന്ന് പൊലീസിൽ വിവരമറിയിക്കുകയായിരുന്നു. ആറു പൊതികളിലായി സൂക്ഷിച്ച 300 ഗ്രാം കഞ്ചാവും ഒന്നരയടിയോളം നീളമുള്ള വടിവാളുമാണ് കണ്ടെത്തിയത്.
