തിരുവനന്തപുരം: ഗുളിക രൂപത്തിൽ ശരീരത്തിനുള്ളിൽ ഒളിപ്പിച്ചു കടത്താൻ ശ്രമിച്ച 1.03 കോടി രൂപയുടെ 1.763 കിലോഗ്രാം സ്വർണവുമായി രണ്ടു പേരെ പിടികൂടി. രാജ്യാന്തര വിമാനത്താവളത്തിൽ കസ്റ്റംസ് ഇന്റലിജൻസ് യൂണിറ്റ് നടത്തിയ പരിശോധനയിലാണ് സ്വർണം പിടികൂടിയത്. നിലമേൽ ഞാറയിൽകോണം കരിമ്പുവിളയിൽ മുകളിൽ കുന്നുംപുറം വീട്ടിൽ നാദിർഷാ (32), ആര്യനാട് ഇരിഞ്ചൽ അനീഷാ മൻസിലിൽ മുഹമ്മദ് ആഷിക് (25) എന്നിവരെയാണ് പിടികൂടിയത്. ഇവർക്കെതിരെ കേസെടുത്തു.ഒരാളെ അറസ്റ്റ് ചെയ്തെങ്കിലും ജാമ്യത്തിൽ വിട്ടു. തിങ്കളാഴ്ച പുലർച്ചെ കുവൈത്തിൽ നിന്നെത്തിയ ജസീറ വിമാനത്തിലെ യാത്രക്കാരാണ് ഇരുവരും. നാദിർഷയിൽ നിന്നു പിടിച്ചെടുത്ത 1063.61 ഗ്രാം വരുന്ന 4 ക്യാപ്സ്യൂൾ വേർതിരിച്ചപ്പോൾ 951.01 ഗ്രാം സ്വർണം ലഭിച്ചു. മുഹമ്മദ് ആഷിക്കിൽ നിന്ന് ആകെ 966.08 ഗ്രാം വരുന്ന 3 ക്യാപ്സ്യൂൾ ആണ് പിടിച്ചെടുത്തത്. ഇതു വേർതിരിച്ചപ്പോൾ 842.14 ഗ്രാം സ്വർണമാണ് ലഭിച്ചത്. നാദിർഷയിൽ നിന്നു കണ്ടെടുത്ത സ്വർണത്തിന് 55 ലക്ഷം രൂപ വിലയുള്ളതിനാൽ ഇയാളെ അറസ്റ്റ് ചെയ്ത് ജാമ്യത്തിൽ വിട്ടു.കസ്റ്റംസ് നിയമപ്രകാരം 50 ലക്ഷം രൂപയ്ക്കു മുകളിലുള്ള കള്ളക്കടത്ത് നടത്തിയാലാണ് അറസ്റ്റ് രേഖപ്പെടുത്തേണ്ടത്. ഒരു കോടി രൂപയിൽ താഴെ മൂല്യമുള്ള കള്ളക്കടത്ത് കേസുകളിൽ ജാമ്യം ലഭിക്കും. മുഹമ്മദ് ആഷിക്കിൽ നിന്നു കണ്ടെടുത്ത സ്വർണത്തിന് 48 ലക്ഷം രൂപയാണു വില കണക്കാക്കുന്നത്. കസ്റ്റംസ് എയർ ഇന്റലിജൻസ് യൂണിറ്റ് അസിസ്റ്റന്റ് കമ്മിഷണർ ആർ.ജയചന്ദ്രൻ, സൂപ്രണ്ടുമാരായ സനവ് തോമസ്, ആർ.അരുൺ, ദീപക് പണ്ടാർ, കവിത ലക്ഷ്മി, ഇൻസ്‌പെക്ടർ സുജാത വിജയൻ, ഹെഡ് ഹവിൽദാർ ആർ.അനിൽകുമാർ, ഷിബു എം.ജോയി എന്നിവർ പരിശോധനയിൽ പങ്കെടുത്തു.

Posted inCrime Thiruvananthapuram
