ആറ്റിങ്ങൽ: ആറ്റിങ്ങൽ കരിച്ചിയിൽ പ്രദേശത്ത് സാമൂഹികവിരുദ്ധർ മാലിന്യം കൊണ്ട് തള്ളുന്നതായി പരാതി. നഗരസഭ വാർഡ് 10, വാർഡ് 5 പരിധിയിൽപ്പെട്ട പ്രദേശങ്ങളിലാണ് സാമൂഹികവിരുദ്ധർ രാത്രികാലങ്ങളിൽ മാലിന്യം കൊണ്ട് തള്ളുന്നത്. ജനവാസ മേഖലയായ ഇവിടെ ഇത്തരം സംഭവങ്ങൾ കാലങ്ങളായി തുടരുന്നു. എന്നാൽ അധികാരികളെ വിവരം ധരിപ്പിച്ചിട്ടും യാതെരു നടപ്പടിയും കൈക്കൊള്ളാത്തതിൽ നാട്ടുകാർക്ക് പ്രതിഷേധമുണ്ട്. ആറ്റിങ്ങൽ കരിച്ചിയിൽ അമ്പലത്തും വാതുക്കൽ മുടിപ്പുര ദേവീക്ഷേത്രത്തിന് സമീപത്തായി രാത്രികാലങ്ങളിൽ വലിയ വാഹനങ്ങളിൽ മാലിന്യം കൊണ്ട് തള്ളുന്നത് കാലങ്ങളായി തുടരുന്നു. കൂടാതെ സമീപത്ത് കൃഷി ഇറക്കാതെ കിടക്കുന്ന പാടശേഖരങ്ങളിലും തോട്ടിലും മറ്റ് സ്ഥലങ്ങളിൽ നിന്നുപോലും വാഹനത്തിൽ എത്തി മാലിന്യം തള്ളുന്നതും ജനങ്ങളിൽ രോഗങ്ങൾ പടരാൻ സാധ്യത ഏറുന്നു. എന്നാൽ ഈ പ്രദേശങ്ങളിലെ ചില വീടുകളിൽ നിന്നുമുള്ള മാലിന്യങ്ങളും ഇത്തരം ജല സ്രോതസുകളിലേക്ക് ഒഴുക്കിവിടുന്നതായും അക്ഷേപമുണ്ട്. ഇത്തരത്തിൽ ഉപേക്ഷിക്കപ്പെടുന്ന മാലിന്യം ചെന്നെത്തുന്നത് സമീപത്ത് കൂടി ഒഴുകുന്ന ജില്ലയിലെ തന്നെ പ്രധാന കുടിവെള്ള സ്രോതസായ വാമനപുരം നദിയിലേക്കാണ്. സംസ്ഥാനഗ്രാമീണമേഖലയിൽ കിണറുകളടക്കം കുടിവെള്ള സ്രോതസ്സുകളിൽ 70 ശതമാനത്തിലും കോളിഫോം ബാക്ടീരിയയുടെ സാന്നിധ്യമെന്ന് കണ്ടെത്തിയിരുന്നു. സംസ്ഥാന വ്യാപകമായി 401300 സാമ്പിളുകൾ ജലഅതോറിറ്റിയുടെ ക്വാളിറ്റി കൺട്രോൾ വിഭാഗം പരിശോധിച്ചപ്പോഴാണ് 280900 ഓളം സാമ്പിളുകളും കോളിഫോം ബാക്ടീരിയ മൂലം മലിനമാണെന്ന് കണ്ടെത്തിയത്. 2021 ഏപ്രിൽ 2022 മാർച്ച് കാലയളവിലായിരുന്നു പരിശോധന. 2023 ൽ നടത്തിയ മറ്റെരു പഠന റിപോർട്ട് പ്രകാരം വേമ്പനാട്ട് കായലിലും കൊല്ലം അഷ്ട്ടമുടി കായലിലും വലിയ അളവിൽ കോളിഫോം ബാക്ടീരിയയുടെ സാന്നിത്യം കണ്ടെത്തിയിരുന്നു. ഇതിനെ തുടർന്ന് ഇതിന്റെ അതിർത്തി പങ്കിടുന്ന പ്രദേശിക ഭരണകൂടങ്ങൾക്ക് പിഴയും ചുമത്തിയിരുന്നു.എന്നാൽ സർക്കാർ കോടികൾ ചിലവഴിച്ച് തണ്ണീർത്തടം പോലുള്ള പദ്ധതികൾ നടപ്പിലാക്കുമ്പോൾ ഇത്തരക്കാർ ചെയ്യുന്ന സാമൂഹ്യവിരുദ്ധ പ്രവർത്തനങ്ങളിലൂടെ പദ്ധതികൾ ജനങ്ങൾക്ക് പ്രയോജനം ലഭിക്കാതെ പോകുന്നു.
