തിരുവനന്തപുരം: രണ്ടാമത് ഐ ബി എഫ് എഫ് ബ്ലൈന്‍ഡ് ഫുട്ബോള്‍ ടൂര്‍ണമെന്റ് പുരുഷ വിഭാഗത്തിന്റെ കലാശപ്പോരാട്ടത്തില്‍ കേരളം ജേതാക്കളായി. കാഴ്ച പരിമിതിയെന്ന വൈകല്യത്തെ മറന്ന് കേരള ഗുജറാത്ത് ടീമുകളുടെ വാശിയേറിയ പോരാട്ടത്തിനൊടുവില്‍ പെനാല്‍റ്റി ഷൂട്ടൗട്ടിലൂടെയാണ് കേരളം വിജയകിരീടം ചൂടിയത്. തുടര്‍ച്ചയായ രണ്ടാം തവണയാണ് കേരളം ജേതാക്കളാവുന്നത്. കേരളത്തിന്റെ അനന്തു അനീഷ് എന്നിവരാണ് ഗോള്‍ നേടി കേരളത്തെ വിജയത്തിലെത്തിച്ചത്. ഡിഫറന്റ് ആര്‍ട് സെന്റര്‍, ഇന്ത്യന്‍ ബ്ലൈന്‍ഡ് ഫുട്ബോള്‍ ഫെഡറേഷന് (ഐ ബി എഫ് എഫ്), കേരള ബ്ലൈന്‍ഡ് ഫുട്ബോള്‍ ഫെഡറേഷന് എന്നിവര്‍ സംയുക്തമായാണ് സൗത്ത്-വെസ്റ്റ് സോണല്‍ ബ്ലൈന്‍ഡ് ഫുട്ബോള്‍ ടൂര്‍ണമെന്റ് സംഘടിപ്പിച്ചത്. കേരളം, തെലങ്കാന, മഹാരാഷ്ട്ര, ഗുജറാത്ത്, തമിഴ്നാട്, കര്‍ണാടക എന്നീ സംസ്ഥാനങ്ങളില്‍ നിന്നുള്ള കാഴ്ചപരിമിതരാണ് ഫുട്ബോള്‍ മത്സരങ്ങളില്‍ പങ്കെടുത്തത്. ഗുജറാത്തിലെ വിഷ്ണു വഗേലയാണ് പ്ലേയര്‍ ഓഫ് ദി ടൂര്‍ണമെന്റ്. മികച്ച ഡിഫെന്‍ഡറായി അനന്തു (കേരള), മികച്ച ഗോള്‍കീപ്പറായി സുജിത്ത് പി.എസ് (കേരള), എമെര്‍ജിംഗ് പ്ലേയറായി ഡേവിഡ് (തമിഴ്നാട്), ടോപ്പ് സ്കോററായി ഫല്ഹാന് (കേരള) എന്നിവര്‍ തിരഞ്ഞെടുക്കപ്പെട്ടു. നേരത്തെ നടന്ന വനിതാവിഭാഗം ടൂര്‍ണമെന്റില്‍ ഗുജറാത്ത് മറുപടിയില്ലാത്ത ഒരു ഗോളിന് മഹാരാഷ്ട്രയെ പരാജയപ്പെടുത്തിയിരുന്നു. വിജയികള്‍ക്കുള്ള സമ്മാനദാനം തിരുവനന്തപുരം ജില്ലാ കളക്ടര്‍ ജെറോമിക് ജോര്‍ജ് ഐ എ എസ് നിര്‍വഹിച്ചു. ചടങ്ങില്‍ മാജിക് അക്കാദമി എക്സിക്യുട്ടീവ് ഡയറക്ടര്‍ ഗോപിനാഥ് മുതുകാട് പങ്കെടുത്തു.
