കഴക്കൂട്ടം: ബൈപ്പാസിലെ സർവിസ് റോഡിൽ ബൈക്ക് മാലിന്യത്തിൽ തെന്നിയുണ്ടായ അപകടത്തിൽ യുവാവ് മരിച്ചു. ടെക്നോപാർക്കിലെ ബൈജൂസ് കമ്പനിയിലെ ജീവനക്കാരൻ അടൂർ സ്വദേശിയ അനന്തു ജെ. തമ്പിയാണ് (26) മരിച്ചത്. വ്യാഴാഴ്ച രാത്രി കഴക്കൂട്ടത്തെ ടർഫിൽ കളി കഴിഞ്ഞ് മടങ്ങവെ കുഴിവിളയിൽ എം.ജി.എം സ്കൂളിന് എതിർവശം സർവിസ് റോഡിലെ ഇറക്കത്തിൽ ബൈക്ക് തെന്നി മറിഞ്ഞാണ് അപകടം.സർവിസ് റോഡിലെ മാലിന്യ കൂമ്പാരംവീഴ്ചയിൽ തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ് മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന അനന്തു വെള്ളിയാഴ്ചയാണ് മരിച്ചത്. അനന്തു സഞ്ചരിച്ച ബൈക്ക് റോഡിൽ വലിച്ചെറിഞ്ഞ പ്ലാസ്റ്റിക് കവറിൽ കുരുങ്ങി തെന്നി മറിയുകയായിരുന്നു. ഇവിടെ റോഡിന്റെ ഇരുവശത്തും മാലിന്യങ്ങൾ കുന്നുകൂടിയ അവസ്ഥയിലാണ്.വാഹനങ്ങളിലെത്തി രാത്രിയിലാണ് ഈ ഭാഗത്ത് മാലിന്യങ്ങൾ വലിച്ചെറിയുന്നത്. തെരുവുനായ്ക്കളും ഈ ഭാഗത്ത് അപകടമുണ്ടാക്കാറുണ്ട്. നഗരസഭ ജീവനക്കാർ വല്ലപ്പോഴും മാലിന്യങ്ങൾ കൂട്ടിയിട്ട് കത്തിക്കുക മാത്രമാണ് ചെയ്യുന്നത്.
