കാട്ടാക്കട: സ്കൂൾ വിദ്യാർഥിനികളോട് ലൈംഗിക അതിക്രമം കാട്ടിയ സംഭവത്തിൽ സ്വകാര്യ സ്കൂൾ ബാസ്കറ്റ്ബോൾ കോച്ചും സ്കൂൾ മാനേജരും ആയിരുന്ന വൈദികൻ മാരായമുട്ടം വടകര നീലറത്തല വീട്ടിൽ ഫാ. ജസ്റ്റിൻ(40)നെ നെയ്യാർ ഡാം പൊലീസ് അറസ്റ്റ് ചെയ്തു. ചൈൽഡ് വെൽഫെയർ കമ്മിറ്റിക്ക് ലഭിച്ച പരാതിയെ തുടർന്നാണ് അറസ്റ്റ്. 2019 മുതൽ 2021 വരെയുള്ള കാലയളവിൽ കുട്ടികളോട് ലൈംഗിക അതിക്രമം കാട്ടിയെന്നാണ് പരാതിയെന്ന് പൊലീസ് പറഞ്ഞു. നെയ്യാർ ഡാം പൊലീസ് സ്റ്റേഷൻ പരിധിയിലെ ഒരു സ്കൂളിൽ 2019 മുതൽ 2021 വരെയുള്ള കാലയളവിൽ മാനേജരും ബാസ്കറ്റ് ബോൾ കോച്ചും ആയിരിക്കെ രണ്ട് വിദ്യാർഥിനികളോട് ലൈംഗിക അതിക്രമം കാട്ടിയെന്നാണ് പരാതി. ഇതിനുശേഷം ഇയാൾ ഈ സ്കൂളിൽ നിന്നും നേമം പ്രാവച്ചമ്പലം ഭാഗത്തുള്ള സ്കൂളിൽ ജോലി നോക്കി വരികയാണ്.കാട്ടാക്കട ഡിവൈഎസ്പി എസ്.അനിൽ കുമാറിന്റെ നിർദേശാനുസരണം പ്രതിയെ കുളത്തൂരിൽ നിന്നും നെയ്യാർ ഡാം എസ്.ഐ.മനോജ്,ഗ്രേഡ് എസ്.ഐ.റെജി ലൂക്കോസ്,സിപിഒ മാരായ ഹരി,സുഭാഷ്,ലത എന്നിവരുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം പിടികൂടുകയായിരുന്നു.പ്രതിയെ സ്വകാര്യ വാഹനത്തിൽ ഒരു പൊലീസുകാരന്റെ സാനിധ്യത്തിലാണ് തെളിവെടുപ്പിന് സ്കൂളിൽ എത്തിച്ചത്. പ്രതിയെ കാട്ടാക്കട കോടതിയിൽ ഹാജരാക്കുമെന്ന് പൊലീസ് അറിയിച്ചു.
