വട്ടപ്പാറ: മദ്യപിക്കാൻ പണം കൊടുത്തില്ലെന്ന കാരണത്താൽ അയൽവാസിയെയും വളർത്തു നായ്ക്കളെയും ആക്രമിച്ച കേസിൽ വേറ്റിനാട് ചായക്കാർക്കോണം ലക്ഷ്മണ വിലാസത്തിൽ എൽ. അജികുമാറി (39)നെ വട്ടപ്പാറ പൊലീസ് അറസ്റ്റ് ചെയ്തു. കഴിഞ്ഞ ദിവസം വൈകിട്ട് 5.30നാണു സംഭവം.ആംബുലൻസ് ഡ്രൈവർ വേറ്റിനാട് ചായക്കാർകോണം അശ്വതീ ഭവനിൽ സുജിത്തി ( 39)നാണു മർദനമേറ്റത്. അയൽവാസി അജികുമാർ ആദ്യം ഫോണിൽ വിളിച്ച് അസഭ്യം പറയുകയും പിന്നാലെ സ്ഥലത്തെത്തി തടികഷ്ണം കൊണ്ട് മർദിക്കുകയുമായിരുന്നെന്നാണു പരാതി. പുറത്തിറങ്ങി വാതിൽ പൂട്ടിയ ശേഷം വളർത്തു നായ്ക്കളെയും ഉപദ്രവിച്ചു.ഗുരുതര പരുക്കേറ്റ സുജിത്തിനെ പൊലീസുകാരാണ് ആശുപത്രിയിലെത്തിച്ചത്. ഒളിവിൽ പോയ പ്രതിയെ വട്ടപ്പാറ സിഐ എസ് . ശ്രീജിത്ത്, എസ്ഐമാരായ സുനിൽഗോപി, വി. സുനിൽകുമാർ, സിപിഒമാരായ അരവിന്ദ്, ജയകുമാർ, ഹോംഗാർഡ് രാജീവ് എന്നിവരടങ്ങിയ സംഘമാണു പിടികൂടിയത്. വീടുകയറി ആക്രമിച്ചതിനും വളർത്തുമൃഗങ്ങളെ ഉപദ്രവിച്ചതിനുമാണ് കേസെടുത്തത്. പ്രതിയെ നെടുമങ്ങാട് കോടതി റിമാൻഡ് ചെയ്തു.
