ആറ്റിങ്ങൽ: സിപിഐഎം വെസ്റ്റ് ലോക്കൽ കമ്മിറ്റിയുടെയും കർഷകസംഘം വെസ്റ്റ് വില്ലേജ് കമ്മിറ്റിയുടെയും നേതൃത്വത്തിൽ സംയോജിത പച്ചക്കറി കൃഷിക്ക് തുടക്കമായി. ഓണത്തിന് വിഷരഹിത പച്ചക്കറി ലഭ്യമാക്കുന്നതിന്റെ ഭാഗമായാണ് സംയോജിത പച്ചക്കറി കൃഷി ആരംഭിച്ചത്. ആറ്റിങ്ങൽ ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിന് സമീപം വട്ടവിളയിൽ സ്വകാര്യ വ്യക്തിയുടെ ഒരു ഏക്കറോളം വരുന്ന സ്ഥലത്ത് എട്ടിനം പച്ചക്കറി തൈകൾ നട്ടുകൊണ്ടാണ് പരിപാടിക്ക് തുടക്കം കുറിച്ചിരിക്കുന്നത്. നടീൽ ഉത്സവം ആറ്റിങ്ങൽ എംഎൽഎ ഒ എസ് അംബിക ഉദ്ഘാടനം ചെയ്തു. സിപിഐഎം ആറ്റിങ്ങൽ വെസ്റ്റ് ലോക്കൽ കമ്മിറ്റി സെക്രട്ടറി അഡ്വ.എൻ മോഹനൻ നായർ അധ്യക്ഷത വഹിച്ച പരിപാടിയിൽ കർഷകസംഘം വെസ്റ്റ് വില്ലേജ് സെക്രട്ടറി സി.വി അനിൽകുമാർ സ്വാഗതം ആശംസിച്ചു. സിപിഎം ജില്ലാ കമ്മിറ്റി അംഗം വി. എ വിനീഷ്, കർഷകസംഘം ആറ്റിങ്ങൽ ഏരിയ സെക്രട്ടറി സി.ദേവരാജൻ, നഗരസഭ വൈസ് ചെയർമാൻ ജി. തുളസീധരൻപിള്ള, സിപിഎം ലോക്കൽ കമ്മിറ്റി അംഗങ്ങളായ എസ്. ഷീജ, എസ്.സുഖിൽ, തുടങ്ങിയവർ പരിപാടിയിൽ ആശംസകൾ അർപ്പിച്ച് സംസാരിച്ചു. നഗരസഭാ മുൻ ചെയർമാൻ സി ജെ രാജേഷ് കുമാർ,മുൻ കൗൺസിലർമാരായ ആർ.എസ് രേഖ, ഒ.എസ് മിനി, വിശ്വംഭരൻ, പ്രശാന്ത്, സുജിൻ, ജയകുമാർ തുടങ്ങിയവർ സന്നിഹിതരായിരുന്നു.കർഷകതൊഴിലാളി വെസ്റ്റ് വില്ലേജ് കമ്മിറ്റി സെക്രട്ടറി സതീഷ് കുമാർ നന്ദിയും രേഖപ്പെടുത്തി.
