വിതുര: ബോണക്കാട് തോട്ടം തൊഴിലാളി മേഖലയുടെ ദയനീയ സ്ഥിതിയും ലയങ്ങളുടെ ശോച്യാവസ്ഥയും തൊഴിൽപരമായ അനിശ്ചിതത്വവും നേരിട്ടു മനസ്സിലാക്കാൻ മന്ത്രിമാരായ കെ.എൻ. ബാലഗോപാൽ, വി. ശിവൻകുട്ടി എന്നിവരുടെ നേതൃത്വത്തിലുള്ള സംഘം ഇന്നലെ സന്ദർശനം നടത്തി. ബോണക്കാട്ടെ തകർന്ന ലയങ്ങളുടെ ലയങ്ങളുടെ നവീകരണം ഓണം കഴിഞ്ഞാൽ ഉടൻ ആരംഭിക്കുമെന്നു മന്ത്രി വി. ശിവൻകുട്ടി പറഞ്ഞു. തൊഴിൽ വകുപ്പ് ഇടപെട്ടു പ്രായോഗികത ഉറപ്പാക്കുമെങ്കിൽ വെൽഫെയർ സ്കീം കൊണ്ടു വരുമെന്നാണു മന്ത്രി കെ.എൻ. ബാലഗോപാൽ നൽകിയ വാഗ്ദാനം. ചോർച്ചയും കാലപ്പഴക്കം മൂലമുള്ള ബലക്ഷയവും മൂലം തകർന്നു തരിപ്പണമായ ലയങ്ങളിൽ രണ്ടിടത്തും ഇരു മന്ത്രിമാരും സന്ദർശനം നടത്തി. തുടർന്നു ബോണക്കാട് സ്റ്റാഫ് ക്ലബ്ബിൽ തൊഴിലാളി സംഘടന നേതാക്കളെയും ഉദ്യോഗസ്ഥരെയും ജനപ്രതിനിധികളെയും പങ്കെടുപ്പിച്ചു യോഗം ചേർന്നു. പ്ലാന്റേഷൻ വർക്കേഴ്സ് റിലീഫ് ഫണ്ടിൽ നിന്നു ലയങ്ങളുടെ നവീകരണത്തിനു 2.71 കോടി രൂപ അനുവദിച്ചിട്ടുണ്ട്.2015 ൽ പ്രവർത്തനം അവസാനിപ്പിച്ച എസ്റ്റേറ്റിലെ ബിഎ, ടോപ്, ജിബി ഡിവിഷനുകളിലെ 155 കുടുംബങ്ങൾ താമസിക്കുന്ന 34 ലയങ്ങളിലാണു നവീകരണം നടത്തുന്നത്. സംസ്ഥാനത്തെ എസ്റ്റേറ്റ് ലയങ്ങളിലെ വികസന പ്രവർത്തനങ്ങൾക്കായി ബജറ്റിൽ 10 കോടി രൂപ നീക്കിവെച്ചുവെന്നു മന്ത്രി കെ.എൻ. ബാലഗോപാൽ പറഞ്ഞു. ബോണക്കാട്ടേക്കു ബസ് സർവീസുകൾ പുനഃ ക്രമീകരിക്കുന്നതു സംബന്ധിച്ചു ഗതാഗത വകുപ്പ് മന്ത്രിയുമായി സംസാരിക്കുമെന്നും പറഞ്ഞു. യോഗത്തിൽ ജി. സ്റ്റീഫൻ എംഎൽഎ അധ്യക്ഷത വഹിച്ചു. കലക്ടർ ജെറോമിക് ജോർജ് ,തൊഴിൽ വകുപ്പ് സെക്രട്ടറി അജിത് കുമാർ, അഡിഷനൽ ലേബർ കമ്മിഷണർ കെ. ശ്രീലാൽ, ഡപ്യൂട്ടി കലക്ടർ ജെ. അനിൽ ജോസ്, ജില്ലാ പഞ്ചായത്ത് അംഗം എ. മിനി, ബ്ലോക്ക് പഞ്ചായത്ത് അംഗം എൽ. ശ്രീലത, ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് മഞ്ജുഷ ജി. ആനന്ദ്, അംഗം ആർ. വത്സല, ഐഎൻടിയുസി നേതാവ് വി.ആർ. പ്രതാപൻ, എഐടിയുസി നേതാവ് മീനാങ്കൽ കുമാർ, സിഐടിയു നേതാവ് ചെറ്റച്ചൽ സഹദേവൻ, എച്ച്എംഎസ് നേതാവ് ചാരുപാറ രവി. ബിഎംഎസ് നേതാവ് ശ്രീകുമാർ എന്നിവർ പ്രസംഗിച്ചു.
