ബാലരാമപുരം: ബാലരാമപുരം റെയിൽവേ സ്റ്റേഷനിലും പരിസരങ്ങളിലുമായി തെരുവ് നായ ഓടിനടന്ന് സ്ത്രീകൾ ഉൾപ്പെടെ 8 പേരെ കടിച്ചു പരുക്കേൽപ്പിച്ചു. ട്രെയിൻ കയറാനെത്തിയ തേമ്പാമുട്ടം സ്വദേശിയായ സുരേഷിനാണ് ആദ്യം കടിയേറ്റത്. ഐത്തിയൂർ സ്വദേശി ദീപു(35), ശാന്തിപുരം സ്വദേശി തങ്കി(45), പരുത്തിച്ചക്കോണം സ്വദേശി ഗ്രീഷ്മ(40), റസൽപുരം സ്വദേശി രാജൻ(66), തേമ്പാമുട്ടം ഐക്കോട്ടുകോണം സ്വദേശി കൃഷ്ണകുമാരി(58), ആകാശ്(19), അച്ചു(18)എന്നിവർക്കും കടിയേറ്റു.ഇതേ തെരുവു നായ പ്രദേശത്തുണ്ടായിരുന്ന മറ്റ് തെരുവ് നായ്ക്കളെയും വളർത്തു മൃഗങ്ങളെയും കടിച്ചു. ഇന്നലെ രാവിലെ മുതൽ പ്രദേശത്ത് കറങ്ങിനടന്നാണ് ആക്രമണം. കടിച്ച നായയെ രാത്രി വൈകിയും പിടികൂടാൻ കഴിഞ്ഞിട്ടില്ല. പരുക്കേറ്റവർ ബാലരാമപുരം സാമൂഹികാരോഗ്യ കേന്ദ്രത്തിലും തുടർന്ന് തിരുവനന്തപുരം ജനറൽ ആശുപത്രിയിലും ചികിത്സ തേടി. രണ്ടാഴ്ച മുൻപ് വെങ്ങാനൂർ ഗ്രാമപ്പഞ്ചായത്ത് പരിധിയിൽപ്പെട്ട കട്ടച്ചൽക്കുഴി, മംഗലത്തുകോണം, പുത്തൻകാനം എന്നിവിടങ്ങളിൽ തെരുവ് നായ 2 കുട്ടികൾ ഉൾപ്പെടെ 6 പേരെ കടിച്ചിരുന്നു.
