ആറ്റിങ്ങൽ: ആറ്റിങ്ങൽ നിയോജകമണ്ഡലത്തിലെ ഭക്ഷ്യ പൊതുവിതരണ വകുപ്പിന്റെ സുഭിക്ഷാ ഹോട്ടൽ ഉദ്ഘാടനം ആറ്റിങ്ങൽ എംഎൽഎ ഒ. എസ്.അംബിക ഗവൺമെന്റ് ഹോമിയോ ആശുപത്രി അങ്കണത്തിൽ നിർവഹിച്ചു. ആറ്റിങ്ങൽ നഗരസഭാ അധ്യക്ഷ അഡ്വക്കേറ്റ് എസ്.കുമാരി അധ്യക്ഷത വഹിച്ചു. താലൂക്ക് സപ്ലൈ ഓഫീസർ ഗീത.എസ് സ്വാഗതം ആശംസിച്ചു. പൂവൻപാറ ഗവൺമെന്റ് ഹോമിയോ ആശുപത്രിക്ക് സമീപം നഗരസഭയുടെ ഉടമസ്ഥതയിലുള്ള കെട്ടിടത്തിലാണ് പ്രസ്തുത സുഭിക്ഷ ഹോട്ടൽ പ്രവർത്തനം ആരംഭിച്ചത്. ഭക്ഷ്യ പൊതുവിതരണ വകുപ്പിന്റെ വിശപ്പ് രഹിത കേരളം കർമ്മ പദ്ധതിയുടെ ഭാഗമായുള്ള സുഭിക്ഷ ഹോട്ടൽ വിശക്കുന്നവർക്ക് ഒരുനേരത്തെ ഉച്ചഭക്ഷണം വളരെ മിതമായ നിരക്കിലും പോഷക സമ്പുഷ്ടമായും പ്രദാനം ചെയ്യുക എന്ന ഉദ്ദേശത്തോടുകൂടി സംസ്ഥാന സർക്കാർ വിഭാവനം ചെയ്തു. നടപ്പിലാക്കി വരുന്നതാണ്. 20 രൂപയ്ക്കാണ് ഇവിടെ ഉച്ചഭക്ഷണം ലഭ്യമാക്കുന്നത്. ആറ്റിങ്ങൽ നഗരസഭയുടെ ഹൈവേ ഇൻ കാന്റീൻ കുടുംബശ്രീ യൂണിറ്റ് ആണ് ഉച്ചഭക്ഷണം തയ്യാറാക്കി വിതരണം നടത്തുന്നത്. ആറ്റിങ്ങൽ നഗരസഭ വൈസ് ചെയർമാൻ തുളസീധരൻപിള്ള, സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻമാരായ അവനവഞ്ചേരി രാജു, എ. നജാം, രമ്യ സുധീർ, ഷീജ.എസ്, എസ് ഗിരിജ, വാർഡ് കൗൺസിലർ ശാന്തകുമാരി എസ്, അസിസ്റ്റന്റ് താലൂക്ക് സപ്ലൈ ഓഫീസർ ജലീസ് എം കൃതജ്ഞാതാ രേഖപ്പെടുത്തി.
