കല്ലമ്പലം: പള്ളിക്കലിൽ സംസ്കാര ചടങ്ങിൽ പങ്കെടുക്കാൻ കൊണ്ടു വന്ന പ്രതി പൊലീസിനെ വെട്ടിച്ച് കടന്നു. മണിക്കൂറുകൾ നീണ്ട തിരച്ചിലിനൊടുവിൽ പിടികൂടി. പള്ളിക്കൽ പുലിയൂർകോണം സഫിയ മൻസിലിൽ ഷാജിത്ത് ആണ് പൊലീസിനെ വെട്ടിച്ച് കടന്നത്. ശനിയാഴ്ച രാത്രി 10നായിരുന്നു സംഭവം. പ്രതി മറ്റൊരു കേസിൽ ആറ്റിങ്ങൽ കോടതിയിൽ റിമാൻഡിൽ കഴിയുകയായിരുന്നു. പ്രതിയുടെ ബന്ധുവിന്റെ സംസ്കാര ചടങ്ങിൽ പങ്കെടുക്കാൻ പൊലീസ് അകമ്പടിയോടെ കൊണ്ടു വന്നപ്പോൾ ആണ് സംഭവം.ചടങ്ങിന് ഇടയിൽ പ്രതിയുടെ വിലങ്ങ് അഴിക്കുമ്പോൾ പൊലീസിനെ വെട്ടിച്ച് കടക്കുകയായിരുന്നു. പൊലീസും കൂടെ ഓടി എങ്കിലും പ്രതി പെട്ടെന്ന് ഇരുട്ടിൽ മറഞ്ഞതോടെ എല്ലാവരും കുഴങ്ങി. രണ്ടര മണിക്കൂർ തിരച്ചിലിനിടയിൽ സമീപത്തെ വീട്ടിലെ ടെറസിന് മുകളിൽ ഒളിഞ്ഞിരുന്ന പ്രതിയെ പൊലീസ് പിടികൂടുകയായിരുന്നു. പൊലീസിനെ വെട്ടിച്ച് കടന്ന സംഭവത്തിൽ മറ്റൊരു കേസു കൂടി പ്രതിക്കെതിരെ ചാർജ് ചെയ്തു. ഒരു മാസം മുൻപ് പള്ളിക്കലിൽ യുവാവിനെ മർദിച്ച കേസിൽ അറസ്റ്റിലായ പ്രതി റിമാൻഡിൽ കഴിയുമ്പോൾ ആണ് പുതിയ സംഭവം.
