പാറശാല; പൊഴിക്കരയിലെ ലഹരി ഉപയോഗത്തിനു കടിഞ്ഞാണിടാൻ പരുത്തിയൂർ ഇടവകയുടെ നേതൃത്വത്തിൽ ലഹരി വിരുദ്ധ സമിതി. രാത്രി ഏഴു മണിക്കു ശേഷം പുറത്തുനിന്നുള്ള വാഹനങ്ങൾക്ക് പ്രവേശന നിരോധനം അടക്കം കർശന ഇടപെടൽ നടത്താൻ ആണ് സമിതിയുടെ തീരുമാനം. മദ്യപിക്കാൻ എത്തുന്ന സംഘങ്ങൾ സഞ്ചാരികൾക്കും പ്രദേശവാസികൾക്കും ഭീഷണിയായ സാഹചര്യത്തിൽ നിയന്ത്രണങ്ങൾ കടുപ്പിച്ചില്ലെങ്കിൽ ഗുരുതര പ്രത്യാഘാതം സൃഷ്ടിക്കും എന്ന തിരിച്ചറിവാണ് തീരുമാനങ്ങൾക്ക് പിന്നിൽ. മൂന്നു മാസം മുൻപ് പഴയഉച്ചക്കടയിൽ സർക്കാർ മദ്യ വിൽപന ശാല എത്തിയതോടെ സംഘം ചേർന്ന് മദ്യപിക്കാൻ എത്തുന്നവരുടെ എണ്ണം പൊഴിക്കരയിൽ പതിന്മടങ്ങ് വർധിച്ചിട്ടുണ്ട്. മദ്യപിച്ച് തമ്മിൽ തല്ലുന്നതു ഇവിടെ പതിവാണ്.
പൊലീസ്, എക്സൈസ് അധികൃതർ പ്രദേശത്തേക്ക് തിരിഞ്ഞു നോക്കാത്തതിനാൽ മദ്യപസംഘത്തിന്റെ ഇഷ്ട കേന്ദ്രങ്ങളിൽ ഒന്നാണ് കടലും കായലും അഭിമുഖമായി നിൽക്കുന്ന പ്രകൃതിരമണീയമായ പൊഴിക്കര. സ്കൂൾ വിദ്യാർഥികൾ മുതൽ വയോധികർ വരെ മദ്യപിക്കാൻ എത്തുന്നതായി പരിസരവാസികൾ ആരോപിക്കുന്നു. നൂറുകണക്കിനു സഞ്ചാരികൾ എത്തുന്ന തീരത്ത് സന്ധ്യ കഴിഞ്ഞാൽ മദ്യപാന സംഘങ്ങളുടെ അസഭ്യവർഷവും തല്ലും പതിവായതോടെ കുടുംബമായി എത്തുന്നവർക്ക് നിൽക്കാൻ കഴിയാത്ത സ്ഥിതി ആണ്. ഏഴു മണിക്കു ശേഷം വാഹന നിയന്ത്രണത്തിനൊപ്പം എട്ടുമണി കഴിഞ്ഞാൽ പുറത്തുനിന്നുള്ളവരുടെ സാന്നിധ്യം തീരത്ത് അനുവദിക്കില്ലെന്നും സൂചനകൾ ഉണ്ട്.
