ആര്യനാട്: ആര്യനാട് പഞ്ചായത്തിലെ ഏഴ് വാർഡുകളിൽ ശുദ്ധജല ക്ഷാമം പരിഹരിക്കുന്നതിന് വേണ്ടിയുള്ള തേവിയാരുകുന്ന് ശുദ്ധജല പദ്ധതിയുടെ നിർമാണം നിലച്ചു. ശ്യാമപ്രസാദ് മുഖർജി നാഷനൽ അർബൺ മിഷൻ ഫണ്ട് മൂന്നരക്കോടി വിനിയോഗിച്ച് നിർമിക്കുന്ന തേവിയാരുകുന്ന് ശുദ്ധജല പദ്ധതിയുടെ ജോലികൾ മുടങ്ങിയിട്ട് അഞ്ചു മാസത്തിലേറെയായി. പദ്ധതിയുടെ പണികൾ തടസ്സപ്പെടുന്നത് മൂന്നാം തവണയാണ്. കരാറുകാരന് പണം ലഭിക്കാത്തതിനെ തുടർന്നാണ് ഒടുവിൽ പണികൾ നിലച്ചതത്രെ. ചെയ്ത ജോലിയിൽ 20 ലക്ഷത്തോളം രൂപ കിട്ടാനുണ്ടെന്നും ഇതിൽ 10 ലക്ഷത്തോളം രൂപ നികുതി ഇനത്തിൽ ആണെന്നും കരാറുകാരൻ പറയുന്നു. ശുദ്ധജല പദ്ധതിക്കായി തേവിയാരുകുന്ന് ധർമശാസ്താ ക്ഷേത്രത്തിന് സമീപം കുന്നില്‍ നിർമിക്കുന്ന വാട്ടർ ടാങ്കിന്റെ ജോലികൾ അവസാനഘട്ടത്തിലേക്ക് എത്തി നില്‍ക്കുമ്പോഴായിരുന്നു ഇത്തരമൊരു അവസ്ഥ.
