ആര്യനാട് : വെള്ളനാട്–ചെറ്റച്ചൽ റോഡിലെ ചേരപ്പള്ളിയിലെ കൊടുംവളവിൽ അപകടങ്ങൾ പതിവാകുന്നു. വളവിന് ഇരുവശവും ഇറവൂരിന് സമീപം വളവിലും ആണ് അടുത്തടുത്തായി ചെറുതും വലുതുമായ അപകടങ്ങൾ ഉണ്ടായത്. റോഡപകടങ്ങൾ കുറയ്ക്കുന്നതിനായി ഹമ്പുകൾ നിർമിച്ചെങ്കിലും അപകടങ്ങൾക്ക് കുറവില്ല.
ഒരുമാസം മുൻപാണ് രാവിലെ സ്റ്റേഷൻ ഡ്യൂട്ടിക്ക് പോയ പോലീസുകാരി സഞ്ചരിച്ച കാർ വളവിലെത്തിയപ്പോൾ അപകടത്തിൽ പെട്ടത്. മാസങ്ങൾക്ക് മുൻപ് കരിങ്കല്ല് കയറ്റിയെത്തിയ ലോറി വളവിൽ മറിഞ്ഞു. വളയുന്നതിനിടെ റോഡിന്റെ മധ്യഭാഗം കടന്നപ്പോൾ ഡ്രൈവർ വെട്ടിത്തിരിക്കുന്നതിനിടെയാണ് അപകടം.
മുൻപ് സ്പെഷ്യൽ പാക്കേജ് പദ്ധതിയിൽ ഉൾപ്പെടുത്തി വെള്ളനാട്–ചെറ്റച്ചൽ റോഡ് നവീകരിച്ചിരുന്നു. പിന്നാലെ ചെറുതും വലതുമായ ഒട്ടേറെ അപകടങ്ങളിൽ നിരവധി പേരുടെ ജീവൻ പൊലിഞ്ഞു. പരിക്കേറ്റ് ചികിത്സയിൽ കഴിയുന്നവരുമുണ്ട്.
നാട്ടുകാർ പ്രതിഷേധിച്ചതോടെ നവീകരണം നടത്തിയ കരാറുകാർതന്നെ വളവിനു സമീപം രണ്ടു വശത്തും ഹമ്പ് നിർമിക്കുകയും സൂചനാ ബോർഡുകൾ വെയ്ക്കുകയും ചെയ്തു. അടുെത്തത്തിയാൽ മാത്രമേ കൊടുംവളവാണെന്നു ഡ്രൈവർമാർക്ക് അറിയാൻ കഴിയൂ.
അമിതവേഗത്തിലെത്തുന്ന വാഹനങ്ങൾ പോലും ഹമ്പ് ഉള്ളതിനാൽ വേഗത കുറച്ചു മാത്രമേ വളവിലൂടെ കടന്നുപോകൂ. റോഡ് നവീകരിച്ചതിന് പിന്നാലെ അപകടങ്ങളും വർധിച്ചിട്ടുണ്ട്.
വെള്ളനാട്–ചെറ്റച്ചൽ റോഡിന്റെ 15 വർഷത്തെ അറ്റകുറ്റപ്പണിയും പരിപാലനവും ഇൻകൽ ഇകെകെ റോഡ്സ് പ്രൈവറ്റ് ലിമിറ്റഡ് എന്ന സ്ഥാപനത്തിനാണ് റോഡിന്റെ പരിപാലന ചുമതല.
മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയാണ് സ്പെഷ്യൽ പാക്കേജ് പദ്ധതിയിൽ ഉൾപ്പെടുത്തി റോഡ് നവീകരിക്കാൻ ഫണ്ട് അനുവദിച്ചത്.
