ആര്യനാട് : എസ്.ഐ.ആർ. തീവ്ര വോട്ടർ പട്ടിക പരിഷ്കരണം സംബന്ധിച്ചു ജനങ്ങൾക്കിടയിൽ നിലനിൽക്കുന്ന ആശങ്കകൾ ദൂരീകരിക്കാനുള്ള നടപടികൾ ദ്രുതഗതിയിലാക്കണമെന്ന് വിസ്ഡം ഇസ്ലാമിക് ഓർഗനൈസേഷൻ കാട്ടാക്കട മണ്ഡലം മുജാഹിദ് പ്രതിനിധി സമ്മേളനം ആവശ്യപ്പെട്ടു.’ കുടുംബം : ധാർമികത, സമൂഹം ‘ എന്ന പ്രമേയത്തിലാണ് പ്രതിനിധി സമ്മേളനം സംഘടിപ്പിച്ചത്.
ആദ്യ ഘട്ടത്തിൽ ബീഹാറിൽ നടന്ന വോട്ടർ പട്ടിക പരിഷ്കരണത്തിൽ ഉണ്ടായ സംഭവ വികാസങ്ങളും കൃത്രിമത്വം നടന്നെന്ന ആരോപണങ്ങളും നിലനിൽക്കുന്ന പശ്ചാത്തലത്തിൽ പൊതുജനങ്ങൾക്കിടയിലെ ആശങ്കകൾ ദൂരീകരിക്കുന്നതിന് സർക്കാർ മുൻകൈയെടുക്കണം.
വ്യാജ വോട്ടുകൾക്ക് തടയിടുന്നതിനും ഇരട്ട വോട്ടുകൾ ഒഴിവാക്കുന്നതിനും പട്ടികയിൽ ഇല്ലാത്തവരെ ചേർക്കുന്നതിനുമാണെന്നതാണ് ഇലക്ഷൻ കമ്മീഷൻ്റെ വിശദീകരണം. എന്നാൽ തങ്ങൾക്ക് രാഷ്ട്രീയമായി അനുകൂലമല്ലാത്ത സംസ്ഥാനങ്ങളിലെ ജനാധിപത്യ പ്രക്രിയയെ അട്ടിമറിക്കുകയാണ് പുതിയ പരിഷ്കരണത്തിലൂടെ ബി.ജെ.പി. ലക്ഷ്യം വെക്കുന്നതെന്ന പ്രതിപക്ഷ ആരോപണം ഗൗരവമുള്ളതാണ്. ഇടക്കിടെയുള്ള ഇത്തരത്തിലെ തീവ്ര പട്ടിക പരിഷ്കരണവും രേഖ സമർപ്പണവും ജനങ്ങളെ വലയ്ക്കുന്നതാണ്. വോട്ടർപട്ടിക ആധാറുമായി ലിങ്ക് ചെയ്തോ മറ്റുമുള്ള ശാശ്വത പരിഹാരങ്ങളാണ് തേടേണ്ടത്. ഇലക്ഷൻ തൊട്ട് മുമ്പിലെത്തി നിൽക്കുന്ന ഈ ഘട്ടത്തിൽ വോട്ടർ പട്ടികയിൽ പേര് ചേർക്കുന്നതിന് രേഖകളുമായി നെട്ടോടമോടിക്കുന്ന സാഹചര്യം ഉണ്ടാകുന്നില്ലെന്നത് ഉറപ്പാക്കണം. പ്രവാസികളുൾപ്പെടെയുള്ളവരുടെ പരിഷ്കരണം സംശയത്തിൻ്റെ നിഴലിലാണ്. വോട്ട് വൻതോതിൽ നഷ്ടപ്പെടാൻ ഇത് കാരണമാകുമെന്നും കൺവെൻഷൻ അഭിപ്രായപ്പെട്ടു.
ഓരോ ബൂത്തിലും മതനിരപേക്ഷ വോട്ടുകൾ ഉറപ്പ് വരുത്താൻ സന്നദ്ധ കൂട്ടായ്മകളും സംഘടനകളും തയ്യാറാകണമെന്നും കൺവെൻഷൻ ആവശ്യമുയർത്തി.
ആര്യനാട് എസ്.എൻ.ഡി.പി. ഹാളിൽ സംഘടിപ്പിച്ച സമ്മേളനം വിസ്ഡം സ്റ്റുഡൻ്റ്സ് സംസ്ഥാന പ്രസിഡൻ്റ് അർഷദ് അൽ ഹികമി ഉദ്ഘാടനം ചെയ്തു. വിസ്ഡം ഇസ്ലാമിക് ഓർഗനൈസേഷൻ ജില്ലാ ജോ. സെക്രട്ടറി ഷഹീർ തിരുമല അധ്യക്ഷനായി. ഷാഫി ശാസ്താംകോട്ട, അബ്ദുള്ള കേശവദാസപുരം, നസിം അഴീക്കോട്, എന്നിവർ സംസാരിച്ചു.
